അധികം കുടിക്കരുത്; ഇളയ അനുജന് ദാവൂദ് ഇബ്രാഹിമിന്‍റെ ഉപദേശം !

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി നാലു തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് കസ്റ്റഡിയിലുള്ള സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍. താനെ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. ദാവൂദ് നാലു തവണയാണ് ഫോണ്‍ ചെയ്തതെന്നും ഇതില്‍ ഭൂരിപക്ഷവും 2011ലായിരുന്നെന്നും ഇഖ്ബാല്‍ പറഞ്ഞു. ഈ വര്‍ഷമാണ് കസ്കറിനു നേര്‍ക്ക് എതിര്‍ സംഘത്തിന്‍റെ ആക്രമണമുണ്ടായത്. സൂക്ഷിക്കണമെന്നും ഒരുപാട് കുടിക്കരുതെന്നും ദാവൂദ് ഉപദേശിച്ചെന്നും കസ്കറിന്‍റെ മൊഴിയിലുണ്ട്.

2003നുശേഷം ദാവൂദുമായി യാതൊരുവിധ ബന്ധവുമില്ലെന്നായിരുന്നു കസ്കര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദുബായിയില്‍ തന്‍റെ കുടുംബം ദാവൂദിന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. ദാവൂദിന്റെ ഭാര്യ മെഹ്ജബിന്‍ ഷെയ്ഖ്(സുബീന സരിന്‍) കഴിഞ്ഞവര്‍ഷം മുംബൈയിലെത്തി അവരുടെ പിതാവ് സലിം കാഷ്മീരിയെ കണ്ടതായി കസ്കര്‍ നേരത്തെ വെളിപ്പെടുത്തിരുന്നു.

കെട്ടിട നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ ഇഖ്ബാലില്‍നിന്ന്, മൂത്ത സഹോദരന്‍ ദാവൂദിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണു പോലീസിനു ലഭിക്കുന്നത്. സലിം കാഷ്മീരിയും കുടുംബവും മുംബൈയിലാണു താമസിക്കുന്നത്. പിതാവിനെ കണ്ട മെഹ്ജബിന്‍ ഉടന്‍ തന്നെ രാജ്യംവിട്ടു. ദാവൂദ്, മറ്റൊരു സഹോദരന്‍ അനീസസ് ഇബ്രാഹിം, ദാവൂദിന്‍റെ വിശ്വസ്തന്‍ ഛോട്ടാ ഷക്കീല്‍ എന്നിവര്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ തന്നെയുണ്ടെന്ന വിവരം ഇഖ്ബാല്‍ പോലീസിനു നല്കിയിരുന്നു. ദാവൂദിന്‍റെ കറാച്ചിയിലുള്ള നാലു വീടുകളുടെ വിലാസവും നല്കി.

Related posts