ഇമ്രാന്‍ ഖാന് ഇനി ഇരിക്കപ്പൊറുതി നഷ്ടപ്പെടും ! കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി മോദി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകള്‍ നടപ്പാക്കിത്തുടങ്ങി; ജമ്മു കാഷ്മീരില്‍ നിക്ഷേപത്തിന് തയ്യാറെന്ന് വന്‍കിട ആശുപത്രികള്‍…

പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ജമ്മു കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വികസന പാക്കേജുകള്‍ നടപ്പാകാന്‍ പോകുന്നു. കാഷ്മീരിലെ ജനത കഷ്ടതയനുഭവിക്കുന്നുവെന്ന് നിലവിളിക്കുന്ന പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഫലത്തില്‍ കാഷ്മീരിന് ഗുണകരമായി എന്നതിന് തെളിവായി വന്‍ വികസമാണ് വരാന്‍ പോകുന്നത്.

ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡിസിറ്റി ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് വ്യക്തമാക്കി. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജമ്മു കാഷ്മീര്‍ ഇപ്പോള്‍ ദേശീയ തലസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരു സുവര്‍ണ്ണാവസരമാണ്. നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തും ചോദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍. സഹായത്തിനായി അവര്‍ തയ്യാറാണ് ഗവര്‍ണര്‍ പറഞ്ഞു.

പൊതുവെ ഗവര്‍ണര്‍ ഗോള്‍ഫ് കളിക്കുകയും പൊതുജനങ്ങള്‍ക്കായി ഒന്നും ചെയ്യാതിരിക്കുകയും വെറുതെ വിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിട്ടാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഞങ്ങള്‍ ചെയ്ത ജോലിയുടെ അളവ് ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പോലും ഇത്രയധികം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും സത്യപാല്‍ മല്ലിക് വ്യക്തമാക്കി. ഭരണ കാര്യങ്ങളില്‍ യുവജനങ്ങളുടെ ഇടപെടലിനായി അടുത്ത രണ്ടോ മൂന്നോ മാസത്തിനുളളില്‍ 50,000 ഗവണ്‍മെന്റ് തൊഴിലുകളിലേക്ക് നിയമനം പൂര്‍ത്തിയാക്കുന്നതാണ്.

ഇത് കാഷ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആകുന്നതാണ്. കൂടാതെ ആറുമാസത്തിനുള്ളില്‍ 50 കോളേജുകളും ആരംഭിക്കും. കാഷ്മീരിന്റെ പ്രത്യേക പദവി കാരണം നേരത്തേ ഇവിടേക്കു നിക്ഷേപങ്ങള്‍ ഒന്നും വന്നിരുന്നില്ല. തൊഴിലില്ലായ്മ വളരെ കൂടുതലുമായിരുന്നു. അതാണ് യുവജനങ്ങളെ അക്രമത്തിലേക്കും തീവ്രവാദത്തിലേക്കും കൊണ്ടു ചെന്നെത്തിച്ചത്. അതിനാല്‍ തന്നെ യുവജനങ്ങള്‍ക്കായി പ്രത്യേക പാക്കേജാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഭരണഘടനയിലെ പ്രത്യേകപദവി നീക്കിയതിനു പിന്നാലെ ജമ്മു കാഷ്മീരില്‍ പുറത്തുനിന്നുള്ള നിക്ഷേപത്തിന് അവസരം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് തന്നെ രംഗത്തെത്തിയിരുന്നു. അബുദാബിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായികളുടെ സമ്മേളനത്തില്‍ കാഷ്മീരായിരുന്നു മുഖ്യ വിഷയം. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ജമ്മു കാഷ്മീരില്‍ നിക്ഷേപത്തിന് തയാറാണെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കിയിരുന്നു.

ജമ്മുകശ്മീരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി വ്യക്തമാക്കി. കാഷ്മീരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ നൂറു കാഷ്മീരികള്‍ക്കു ജോലി നല്‍കുമെന്നും യൂസഫലി അറിയിച്ചു. റിലയന്‍സ് ജമ്മു കാഷ്മീരില്‍ വന്‍ നിക്ഷേപത്തിന് തയാറാണെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ വലിയ നിക്ഷേപ സാധ്യതയാണ് കാഷ്മീരില്‍ വരുന്നത്. കാഷ്മീരി ജനതയുടെ ഇന്നത്തെ ജീവിതാവസ്ഥ മെച്ചപ്പെട്ടാല്‍ തങ്ങളുടെ മോഹങ്ങള്‍ നടക്കില്ലെന്ന് പാക്കിസ്ഥാന് നല്ലവണ്ണം അറിയാം. അതു തന്നെയാണ് പാക് ഭരണകൂടത്തിന്റെ ഉറക്കം കളയുന്നതും.

Related posts