കേരളത്തില്‍ വീണ്ടും ലോക്ഡൗണ്‍ ? രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും കേരളത്തില്‍; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പോര്‍ട്ട്…

നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളില്‍ 70 ശതമാനവും കേരളത്തിലായിരിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയാന്‍ ലോക്ഡൗണ്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പാര്‍ട്ട്.

കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മൂന്നുദിവസം മുമ്പ് 15 ശതമാനമായിരുന്നു ടിപിആര്‍. ഇപ്പോള്‍ അത് 19 ആയി.

കേസുകള്‍ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ലോക് ഡൗണ്‍ ആണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്.

ഡല്‍ഹിയില്‍ പയറ്റി വിജയിച്ച ലോക്ഡൗണ്‍ തന്ത്രം കേരളത്തിലും പ്രയോഗിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും.
കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം.

ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉത്സവസീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

വാക്‌സിനേഷന്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവരുടെ എണ്ണം 60 ശതമാനം കടക്കും. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതും സിറോ സര്‍വ്വേയില്‍ പ്രതിഫലിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഏറ്റവും അവസാനം ഐ.സി.എം.ആര്‍ പുറത്തിറക്കിയ സിറോ പ്രിവലന്‍സ് സര്‍വേ പ്രകാരം കേരളത്തിലെ 44.4 ശതമാനം ആളുകള്‍ക്കു മാത്രമാണ് രോഗം വന്നു പോയിരിക്കുന്നത്.

എന്നാല്‍ രോഗത്തെ മികച്ച രീതിയില്‍ പ്രതിരോധിച്ചതു കൊണ്ട് രോഗം ഇതുവരെ ബാധിക്കാത്ത, രോഗസാധ്യത കൂടുതലുള്ള ആളുകള്‍ കേരളത്തില്‍ 50 ശതമാനത്തിനും മുകളിലാണ് എന്നതാണ് ഇതിന്റെ മറ്റൊരു വശം.

ദേശീയ തലത്തില്‍ 66.7 ശതമാനം പേര്‍ക്കാണ് രോഗം വന്നു പോയിരിക്കുന്നത്. അതായത് രാജ്യത്താകെ എടുത്താല്‍ രോഗം പിടിപെടാന്‍ സാധ്യത കൂടുതലുള്ളവര്‍ ഏകദേശം 30 ശതമാനം മാത്രമേയുള്ളൂ.

മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്കാണ് രോഗം വന്നു പോയത്. രാജസ്ഥാനില്‍ അത് 76.2ഉം, ബീഹാറില്‍ 75.9ഉം, ഗുജറാത്തില്‍ 75.3ഉം ഉത്തര്‍ പ്രദേശില്‍ 71ഉം ശതമാനമാണത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ 69.8 ശതമാനം പേര്‍ക്കും തമിഴ്നാട്ടില്‍ 69.2 ശതമാനം പേര്‍ക്കും രോഗം വന്നു പോയിരിക്കുന്നു. പഞ്ചാബില്‍ അത് 66.5 ശതമാനമാണ്.

സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,77,99,126) ആദ്യ ഡോസ് വാക്സിന്‍ നല്‍കാനായി. കോവിഡിനെതിരായി വലിയ പോരാട്ടം നടത്തുമ്പോള്‍ പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സെപ്റ്റംബര്‍ മാസത്തില്‍ തന്നെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment