പ്രളയത്തിന് തൊട്ടുപിന്നാലെ കേരളത്തെ ചുട്ടുപൊള്ളിച്ച് കനത്ത വെയിലും ചൂടും! സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നു; ചൂടിന്റെ കാരണമായി കൊച്ചി സര്‍വകലാശാലയിലെ കാലാവസ്ഥാവിഭാഗം അധ്യാപകന്‍ പറയുന്നതിങ്ങനെ

കനത്ത മഴയ്ക്കും പ്രളയത്തിനും പിന്നാലെ കേരളം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന കനത്ത ചൂടിന്റെ കാരണം മഴമേഘങ്ങള്‍ ഇല്ലാത്തതാണെന്ന് കൊച്ചി സര്‍വകലാശാലാ കാലാവസ്ഥാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ് അഭിലാഷ്.

കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്ന ഈ സമയത്ത്, മഴ മാറി നിന്നതാണ് സൂര്യരശ്മികള്‍ തടസ്സം കൂടാതെ ഭൂമിയിലെത്താനും, ചൂട് കൂടാനും, സൂര്യാഘാതം ഉള്‍പ്പെടെ സംഭവിക്കാനും കാരണമായത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മഴ ലഭിച്ചത് സെപ്റ്റംബറിലായിരുന്നു.

കേരളത്തില്‍ മഴ പെയ്തിട്ട് രണ്ടാഴ്ചയിലേറെയായി. മഴമേഘങ്ങള്‍ തീരെ ഇല്ല. സൂര്യന്‍ ഇപ്പോള്‍ ഉത്താരാര്‍ധ ഗോളത്തിലാണ്. കേരളം ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളില്‍ നേരിട്ട് സൂര്യശ്മികള്‍ പതിക്കുന്ന സമയം. ഇതിനെ എല്ലാ കാലവും തടഞ്ഞു നിര്‍ത്തിയതും, തീവ്രത കുറച്ചതും മഴമേഘങ്ങളാണ് അഭിലാഷ് പറയുന്നു.

അടുത്ത മാസം തുലാവര്‍ഷം തുടങ്ങിയാല്‍ ചൂട് സാധരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുലാവര്‍ഷത്തിന്റെ കാഠിന്യത്തെപ്പറ്റിയുള്ള പ്രവചനങ്ങള്‍ ഇതുവരെ വന്നിട്ടില്ല.

കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ തൃശൂരിന് പുറമെ വയനാട്ടിലും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. ജില്ലയിലെ അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പുറത്തും കഴുത്തിനുമാണ് പ്രധാനമായും പൊള്ളലേല്‍ക്കുന്നത്. രണ്ടാഴ്ചമുമ്പ് തോരാമഴയില്‍ മുങ്ങിയ ജില്ലയില്‍ ഇപ്പോള്‍ ചാറ്റല്‍മഴ പോലുമില്ലാതെ, കത്തുന്ന വെയിലും കനത്ത ചൂടുമാണ്. 28.1 ഡിഗ്രിയാണ് ജില്ലയില്‍ തിങ്കളാഴ്ചയിലെ താപനിലയെന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.

Related posts