വാഹനയാത്രയ്ക്കിടെ മദ്യപിച്ചോ എന്നറിയാന്‍ ആളറിയാതെ ഡിഐജിയെ ഊതിച്ചു…! പോലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ്, അഭിനന്ദനം നേടിക്കൊടുത്തത് ‘പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയം’

അര്‍ധ രാത്രിയില്‍ നഗരത്തിലൂടെ പോയ വാഹനം തടഞ്ഞു നിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ആളറിയാതെ ഡിഐജിയെ ഊതിച്ചു. ആളറിയാതെ നടത്തിയ പരിശോധനയ്ക്ക് ഡിഐജിയുടെ ശിക്ഷ ക്യാഷ് അവാര്‍ഡായിരുന്നു. ഡിഐജി ഷെഫിന്‍ അഹമ്മദ് ആണ് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയമാണ് പോലീസുകാര്‍ക്ക് അഭിനന്ദനം നേടിക്കൊടുത്തത്. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പോലീസ് സംഘം. 12.15നാണ് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസുകാര്‍ വാഹനത്തിനുള്‍വശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെട്ടു.

മുന്നില്‍ നില്‍ക്കുന്നത് ഡിഐജിയാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് ശേഷമാണ് ഡിഐജിയെ പറഞ്ഞയച്ചത്. അര്‍ധരാത്രിയിലും ഡ്യൂട്ടിയില്‍ കാണിച്ച ആത്മാര്‍ഥതയ്ക്കും വിനയത്തിനുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഷെഫിന്‍ അഹമ്മദിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൃത്യമായി ഡ്യൂട്ടി ചെയ്തതിനാലാണ് പോലീസുകാര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഷെഫിന്‍ അഹമ്മദ്  വ്യക്തമാക്കി.

Related posts