അവര്‍ ചുംബിച്ചു! സദാചാര ഗുണ്ടായിസത്തിനെതിരേ യുവതീയുവാക്കള്‍ മറൈന്‍ഡ്രൈവില്‍ ചുംബിച്ച് പ്രതിഷേധിച്ചു; തിരുവനന്തപുരത്തും പ്രതിഷേധ കൂട്ടായ്മ

kissകൊച്ചി: സദാചാര ഗുണ്ടായിസത്തിനെതിരേ മറൈൻഡ്രൈവിൽ ചുംബന സമരം അരങ്ങേറി. വൈകിട്ട് നാലോടെ തുടങ്ങിയ പ്രതിഷേധ കൂട്ടായ്മയിൽ നിരവധി പേർ പങ്കെടുത്തു. സദാചാര ഗുണ്ടായിസത്തിനെതിരേ തെരുവ് നാടകം, നാടൻ പാട്ട്, ചിത്രരചന ഉൾപ്പടെയുള്ള പ്രതിഷേധങ്ങളാണ് മറൈൻ ഡ്രൈവിൽ അരങ്ങേറിയത്. തുടർന്ന് യുവതീയുവാക്കൾ ചുംബിച്ച് പ്രതിഷേധിച്ചു. തിരുവനന്തപുരം കനകക്കുന്നിലും തൃശൂർ തേക്കിൻകാടി മൈതാനിയിലും സദാചാര ഗുണ്ടായിസത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ അണിനിരന്നു.

മറൈൻ ഡ്രൈവിൽ ബുധനാഴ്ച ശിവസേന നടത്തിയ അഴിഞ്ഞാട്ടത്തെ തുടർന്നാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ബുധനാഴ്ച വൈകിട്ട് മറൈൻ ഡ്രൈവിലേക്ക് എത്തിയ 20 ഓളം ശിവസേന പ്രവർത്തകർ യുവതീയുവാക്കളെ ചൂരൽകൊണ്ട് അടിച്ചോടിക്കുകയായിരുന്നു. പോലീസ് നോക്കിനിൽക്കേയാണ് ശിവസേനക്കാർ അഴിഞ്ഞാടിയത്.

അതിനിടെ എറണാകുളത്തെ ശിവസേനയുടെ ഓഫീസിലേക്ക് എഐഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം നടന്നത്. പ്രവർത്തകരും പോലീസും തമ്മിൻ തെരുവിൽ ഉന്തുംതള്ളും അരങ്ങേറി. രാവിലെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മറൈൻ ഡ്രൈവിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

Related posts