ജോലി ഒന്നും ചെയ്യുന്നില്ലെങ്കിലും കൃത്യമായി വരുമാനം! ഫോണും രുചികരമായ പ്രത്യേക ഭക്ഷണവും സുലഭം; താമസം അഞ്ച് പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ ഒറ്റയ്ക്ക്; ടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ ജയിലിലെ സുഖജീവിതം ഇങ്ങനെ

പരോളിലിറങ്ങിയ സമയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ അറസ്റ്റ് ഇക്കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. മാനുഷിക പരിഗണ കൊടുത്ത് വീണ്ടും പരാേളില്‍ വിടണേ വിജയേട്ടാ എന്ന ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായിരുന്നു.

എന്നാല്‍ ജയിലില്‍ കൊടി സുനി നയിച്ചു വരുന്ന ആഡംബര ജീവതത്തെക്കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍ പുറത്തു വരുന്നത്. കൊടി സുനിയുടെ ജയിലിലെ ജീവിത രീതി ഇങ്ങനെ…

ഇറച്ചിയും മീനും വെയ്ക്കുന്ന ദിവസങ്ങളില്‍ രുചികരമായി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം, ഫുള്‍ ചാര്‍ജ്ജ് ചെയ്ത ഫോണ്‍, മാസം തോറും ചെയ്യാത്ത ജോലിക്ക് 4000 രൂപ വരെ ശമ്പളം.

അഞ്ചുപേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ ഒറ്റയ്ക്കാണ് താമസം. ഒരു വര്‍ഷമായി ഈ സെല്ലിലാണ് സുനി. ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുത്തതും ചാര്‍ജ് ചെയ്തു നല്‍കിയിരുന്നതും ഉദ്യോഗസ്ഥരില്‍ ചിലരാണ്. ഇവര്‍ ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ കഴിയുന്ന വിധത്തില്‍ ചാര്‍ജ് നിറച്ച ബാറ്ററികള്‍ ഊഴമിട്ടു കൃത്യമായ ഇടവേളകളില്‍ സെല്ലില്‍ എത്തിച്ചു കൊണ്ടിരുന്നു.

പച്ചക്കറിത്തോട്ടത്തില്‍ പണിക്ക് ഇറങ്ങിയ വകയില്‍ ഓരോ മാസവും 3000 മുതല്‍ 4000 രൂപ വരെ വരുമാനവും. എന്നാല്‍ ഒറ്റ ദിവസം പോലും ജോലി ചെയ്യാനെത്തിയിട്ടിെന്നതാണ് ശ്രദ്ധേയം. ഹാജര്‍ രേഖപ്പെടുത്താന്‍ ഗാര്‍ഡ് ഓഫിസര്‍ക്കു മുന്നില്‍ പോകാറുമില്ല. പക്ഷേ, ദിവസവും 127 രൂപ വീതം കൃത്യമായി കൂലി കയ്യിലെത്തും. ജയിലിലെ പച്ചക്കറിത്തോട്ടത്തില്‍ പണിയെടുക്കുന്നവരുടെ പട്ടികയില്‍ സുനിയും ഉണ്ടെങ്കിലും പണിക്കിറങ്ങാറില്ല. മദ്യവും സിഗററ്റും ആവശ്യാനുസരണം എത്തിക്കാനും ആളുണ്ടത്രേ.

ടി.പി. വധക്കേസിലെ തന്നെ മറ്റൊരു പ്രതിയായ കുഞ്ഞനന്ദന് അസുഖത്തിന്റെ പേരില്‍ നിരന്തരം ജാമ്യം അനുവദിക്കുന്നതിനെ ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശിച്ചിരുന്നു.

Related posts