ജോഹന്നാസ്ബർഗ്: അടിയന്തര കുടുംബാവശ്യത്തെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി സ്വദേശത്തേക്ക് പറന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾക്കു മുന്പാണ് കോഹ്ലിയുടെ മടക്കം.
പ്രിട്ടോറിയയിൽ പരിശീലന മത്സരത്തിനിടെ ടീം മാനേജ്മെന്റിന്റെയും ബിസിസിഐയുടെയും അനുമതി ലഭിച്ചതിനുശേഷം ഏകദേശം മൂന്ന് ദിവസങ്ങൾക്കു മുന്പാണ് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്. ഒന്നാം ടെസ്റ്റിനു മുന്പ് കോഹ്ലി ടീമിനൊപ്പം എത്തിച്ചേരും. 26നാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരന്പരയിൽ രണ്ടു ടെസ്റ്റാണുള്ളത്.
ഋതുരാജിന് പരിക്ക്; പുറത്ത്
ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഋതുരാജ് ഗെയ്ക്വാദിന് വിരലിനു പരിക്ക്. പരിക്കിനെത്തുടർന്ന് താരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരന്പരയിൽനിന്ന് ഒഴിവാക്കി.
പരിക്കിനെത്തുടർന്ന് ഋതുരാജിന് ഏകദിന പരന്പരയിലെ മൂന്നാം മത്സരം കളിക്കാനായില്ല. ഋതുരാജിനു പകരം അഭിമന്യു ഈശ്വരൻ ടീമിലെത്തിയേക്കും. അഭിമന്യു ഇപ്പോൾ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുണ്ട്.


 
  
 