ജനിച്ചുവീണ ഉടനെ കരയുന്നതാണ് സാധാരണയായി നവജാത ശിശുക്കളുടെ പതിവ്. എന്നാൽ ഈ ലോകത്തേക്ക് എത്തി ഏതാനും മണിക്കൂറുകൾ മാത്രം കഴിഞ്ഞ ഒരു കുഞ്ഞ് യാതൊരു ടെൻഷനുമില്ലാതെ അതീവ ശാന്തനായി കിടക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയും കൗതുകവും ഉണ്ടാക്കുന്നത്. ഈജിപ്തിലെ കെയ്റോയിൽ നിന്നുള്ള ഒരു ശിശുരോഗ വിദഗ്ദ്ധനാണ് ഈ മനോഹര ദൃശ്യം പങ്കുവെച്ചത്.
ഡോക്ടർ ഇസ്ലാം എൽഡെഹ് എന്ന ശിശുരോഗ വിദഗ്ദ്ധനാണ് പ്രസവാനന്തര നടപടികൾക്ക് ശേഷം നവജാത ശിശുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചുറ്റും നടക്കുന്ന യാതൊരു കാര്യങ്ങളും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ, എല്ലാ ആശങ്കകളും വെടിഞ്ഞ് വളരെ റിലാക്സ്ഡ് ആയ ഭാവത്തിലാണ് കുഞ്ഞ് കിടക്കുന്നത്.
ഈ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്നോ നാളെ എന്ത് സംഭവിക്കുമെന്നോ യാതൊരു ടെൻഷനുമില്ലാത്ത ഒരു തത്വചിന്തകനെ പോലെയാണ് കുഞ്ഞ് കിടക്കുന്നത് എന്നാണ് വീഡിയോ കണ്ട നെറ്റിസൺസ് തമാശരൂപേണ കമന്റ് ചെയ്യുന്നത്. ജനിച്ചയുടനെ തന്നെ ജീവിതത്തിന്റെ എല്ലാ പാഠങ്ങളും പഠിച്ചുവെച്ച മട്ടിലുള്ള കുഞ്ഞിന്റെ ഭാവങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്നു കഴിഞ്ഞു.
ജീവിതത്തിൽ ഒരിക്കലും ആകുലപ്പെടാതെ കാര്യങ്ങളെ കൂളായി കാണാൻ ഈ കുഞ്ഞിനെ കണ്ട് പഠിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. എങ്കിലും കുഞ്ഞുങ്ങളുടെ വിവിധ മുഖഭാവങ്ങളും കിടപ്പും സ്വാഭാവികമാണെന്നും, ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചിരിയും സന്തോഷവും പരത്തിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
