കേരളത്തെ ഞെട്ടിച്ച പെണ്‍ക്രൂരതകള്‍! കൂട്ടക്കൊലപാതകങ്ങള്‍ക്കു പിന്നില്‍ ധനമോഹവും അവിഹിത ബന്ധങ്ങളും; കേരളം കണ്ട ഏറ്റവും വലിയ കൊലപാതകങ്ങളുടെ നിരയിലേക്ക് കൂടത്തായിയും

കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായി മാറിയിരിക്കുകയാണ് കൂടത്തായി. ഒരു പക്ഷേ, കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ കുറ്റവാളിയെന്ന നിലയില്‍ ജോളി ഇനി അറിയപ്പെട്ടാലും അതില്‍ അത്ഭുതപ്പെടാനില്ല. സ്വത്തു തട്ടിയെടുക്കുകയെന്നതു മാത്രമായിരുന്നോ ജോളിയുടെ ലക്ഷ്യം എന്നതു ചെന്നെത്തി നില്‍ക്കുന്നത് ബന്ധുവായ യുവാവിലാണ്.

സ്ലോ പോയിസണിങ് നടത്തുന്നതിന് ആവശ്യമായ സൈനേഡ് വാങ്ങിച്ചു നല്‍കിയത് ഈ യുവാവാണെന്ന് പോലീസ് വെളിപ്പെടുത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ കൊലപാതകങ്ങളുടെ നിരയിലേക്ക് മാറുകയാണ് ഇതോടെ കൂടത്തായി സംഭവവും.

അവിഹിത ബന്ധത്തിനും ആഡംബര ജീവിതത്തിനുമായി സ്വന്തം കുടുംബാംഗങ്ങളെ കൊന്നൊടുക്കിയ സ്ത്രീകളുടെ മുന്‍നിരയിലേക്ക് ജോളി എത്തുമ്പോള്‍ ഇതേ സാഹചര്യത്തില്‍ അരുംകൊല നടത്തിയ മറ്റു സ്ത്രീകളെ ഒന്നു കൂടി ഓര്‍ക്കാം.

പിണറായി കൂട്ടക്കൊല: വഴിവിട്ട ജീവിതത്തിന് ജന്‍മം നല്‍കിയ മാതാപിതാക്കളെയും നൊന്തുപെറ്റ മക്കളെയും കൊന്ന സൗമ്യ

കൂടത്തായി കൊലപാതകവുമായി ഏറെ സാമ്യമുണ്ട് പിണറായിയില്‍ സൗമ്യ നടത്തിയ കൂട്ടക്കൊല. 2012 സെപ്റ്റംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവിലായി സൗമ്യ കാലപുരിക്കയച്ചത് നാലുപേരെയാണ്.

സ്വന്തം സുഖത്തിനും ആര്‍ഭാട ജീവിതത്തിനും വിലങ്ങുതടിയായി നില്‍ക്കാതിരിക്കാന്‍ സ്വന്തം മക്കളെയും കൊന്ന സൗമ്യ ഒടുവില്‍ ജയില്‍ വളപ്പിനുള്ളിലെ കശുമാവില്‍ തൂങ്ങി മരിക്കുകയായിരുന്നു.

അന്വേഷണത്തില്‍ ഇളയകുഞ്ഞിനെ കൊന്നതു സൗമ്യയല്ലെന്നു കണ്ടെത്തി. ഒമ്പതു വയസുള്ള മൂത്ത മകള്‍ ഐശ്വര്യയെ കൊന്നത് വീട്ടിലെത്തിയ കാമുകനെ കണ്ടതുകൊണ്ടാണ്. അമ്മയുടെ കാമുകന്‍ വീട്ടിലെത്തിയ കാര്യം വല്ല്യമ്മയോടു മകള്‍ പറഞ്ഞതു വൈരാഗ്യത്തിനു കാരണമായി.

ഈ ബന്ധത്തെ എതിര്‍ത്തതിനാണ് അമ്മ കമലയെ കൊന്നത്. സ്വന്തം അമ്മയെയും താന്‍ നൊന്തുപെറ്റ കുഞ്ഞിനെയും കൊന്ന് പിടിവീണില്ലെന്നു കണ്ടതോടെ സൈര്യ ജീവിതം കഴിക്കാമെന്ന് കരുതി രോഗബാധിതനായ അച്ഛനെയും കൊന്നു.

അസാധാരണ മരണങ്ങൡ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണമായി അലൂമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തിയതോടെ അന്വേഷണം സൗമ്യയുടെ നേര്‍ക്ക് നീളുന്നതും പോലീസ് ചോദ്യം ചെയ്യലിലൂടെ ക്രൂരത വെളിപ്പെട്ടത്.

കാരണവര്‍ കൊലക്കേസ്: ആര്‍ഭാട ജീവിതത്തിന് അമ്മായിഅച്ഛനെ കൊന്ന ഷെറിന്‍

2009ല്‍ നടന്ന കാരണവര്‍ കൊലക്കേസ് ഏറെ പ്രമാദമായിരുന്നു. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിരമിച്ചതിനു ശേഷമാണ് കുടുംബ ഓഹരിയായി കിട്ടിയ സ്ഥലത്ത് വീടുവെച്ച് താമസിച്ചത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാരണവരുടേത് മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാക്കാനുള്ള ശ്രമം ഷെറിന്‍ നടത്തിയെങ്കിലും പിന്നീട് പിടിയിലാകുകയായിരുന്നു.

കൊലപാതകത്തിന് അടുത്ത ബന്ധുക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന പോലീസിന്റെ കണ്ടെത്തല്‍ ചെന്നെത്തി നിന്നതു ഷെറിനിലായിരുന്നു. കൊലപാതകം നടത്തിയ മൂന്നു പ്രതികളെയും ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതിന് ഷെറിനെയും പോലീസ് അറസ്റ്റു ചെയ്തു. ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയാണ് പ്രതികള്‍ ഇപ്പോള്‍. വഴിവിട്ട ബന്ധങ്ങള്‍ തന്നെയാണ് ഷെറിനെയും ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

പാവപ്പെട്ട കുടുംബത്തില്‍ പിറന്ന ഷെറിന്‍ അവശതയുള്ള തന്റെ മകനു തുണയാകുമെന്നു കരുതിയ കാരണവര്‍ക്കു തെറ്റുപറ്റുകയായിരുന്നു. പണം കൈയിലെത്തിയതോടെ കാമുകര്‍ക്കൊപ്പം ആര്‍ഭാട ജീവിതം നയിച്ചുവന്ന ഷെറിന് കാരണവര്‍ നാട്ടിലേക്കു താമസത്തിനെത്തിയതോടെ നിയന്ത്രണങ്ങളായി. തന്റെയും ഭര്‍ത്താവിന്റെയും പേരില്‍ സ്വത്തുകള്‍ എഴുതിവയ്ക്കാത്തതിലുള്ള പകയും കൊലപാതകത്തിനു കാരണമായി.

ടെക്കി അനുശാന്തി; മകളെയും അമ്മായിഅമ്മയെയും കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍

കാമുകനൊപ്പം ജീവിക്കാനാണ് ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായിരുന്ന അനുശാന്തി മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരാനുള്ള രഹസ്യവഴിയും വീട്ടിലെ ഓരോ വാതിലുകളും വരെ മൊബൈലില്‍ പകര്‍ത്തി കാമുകനായിരുന്ന നിനോ മാത്യുവിന് കൈമാറി.

ഭര്‍ത്താവിനെയും അമ്മായിയമ്മയെയും വകവരുത്തി ഒരുമിച്ചു കഴിയാനായിരുന്നു ഇരുവരുടെയും പദ്ധതി. ഈ പദ്ധതിയനുസരിച്ചാണ് നിനോ മതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയതും അമ്മയെയും മകളെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയതും.

എട്ടു വര്‍ഷത്തോളമായി ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് നിനോയും അനുശാന്തിയും. 2014 ഏപ്രില്‍ പതിനാറിനു നടന്ന ഈ കൊലപാതകം തെളിഞ്ഞതോടെ ഇരുവരും ഇരട്ടപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയാണ് ഇപ്പോള്‍.

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച ഡോക്ടര്‍ ഓമന

കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഡോക്ടര്‍ ഓമന നടത്തിയത്. കാമുകനെ കൊന്ന് സ്യൂട്ട് കെയ്‌സിലാക്കി പല സ്ഥലത്തായി ഉപേക്ഷിച്ച ഓമനയുടെ ക്രൂരകൃത്യം ഏറെക്കാലം കേരളത്തില്‍ ചര്‍ച്ചയായിരുന്നു. 1996 ജൂലൈ പതിനൊന്നിനായിരുന്നു ഡോക്ടര്‍ ഓമന നാടിനെ ഞടുക്കിയത്. 2001ല്‍ പരോളില്‍ ജയിലില്‍ നിന്നിറങ്ങി മുങ്ങിയ ഓമന ഇന്നും കാണാമറയത്താണ്. ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളിയാണിന്ന് ഓമന.

കാമുകനൊപ്പം ജീവിക്കാന്‍ നൊന്തുപെറ്റ കുഞ്ഞിനെ കൊന്ന തിരുവാണിയൂരിലെ റാണി

കാമുകനൊപ്പം സുഖിക്കാന്‍ നൊന്തുപെറ്റ കുഞ്ഞിനെ കൊന്നയാളാണ് തിരുവാണിയൂരിലെ റാണി. നാലുവയസുകാരിയെ കൊന്ന കാമുകന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് റാണിയായിരുന്നു.

എല്‍കെജി വിദ്യാര്‍ഥിയായിരുന്ന മകളെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ റാണിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വലിയൊരു ക്രൂരതയുടെ മുഖംമൂടി അഴിഞ്ഞുവീണത്.

Related posts