കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് കാക്കൂൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹച്ചടങ്ങിനായി പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രാമധ്യേ ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടസമയത്ത് പെട്രോൾ പമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
