പെരുമ്പാവൂർ: എടതലയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതി ജയിൽ ചാടിയതിന് പിന്നാലെ നേരെ എത്തിയത് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ. കസ്റ്റഡിയിലെടുത്ത സമയം പോലീസ് വാങ്ങി വെച്ചിരുന്ന ആധാർ കാർഡ് തിരികെ ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇയാള് സ്റ്റേഷനിലെത്തിയത്. സബ് ജയിലിൽ ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു പ്രതി സ്റ്റേഷനിൽ എത്തിയത് എന്നത് പോലീസിനെയും അമ്പരപ്പിച്ചു.
മധുർജിയ എന്ന പ്രതിയാണ് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട ശേഷം വീണ്ടും പോലീസ് സ്റ്റേഷനിലെത്തി നാടകം കളിച്ചത്. 24 മണിക്കൂറും കർശന കാവലുള്ള സബ് ജയിലിലെ 10-ാം നമ്പർ സെല്ലിൽ തടവിലായിരുന്ന മധുർജിയ, പുതുതായി നിർമ്മിക്കുന്ന അടുക്കളയുടെ ഭിത്തി വഴി പിടിച്ചു കയറിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ജയിൽ ചാട്ടം ഉടൻ തന്നെ തിരിച്ചറിഞ്ഞ അധികൃതർ വിവരങ്ങൾ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. എന്നാൽ, തന്ത്രപരമായി പെരുമ്പാവൂർ സ്റ്റേഷനിലെത്തിയ പ്രതിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.
പിന്നീട് സ്റ്റേഷനിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരനെ കണ്ടതോടെ, തയാളെ തിരിച്ചറിഞ്ഞേക്കുമെന്ന് ഭയന്ന പ്രതി ആധാർ കാർഡ് വാങ്ങാൻ നിൽക്കാതെ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പോലീസാകട്ടെ സംഭവം പെട്ടെന്ന് മനസ്സിലാകാതെ പോയതിനാൽ ഇയാളെ പിന്തുടർന്നു പിടികൂടാനുമായില്ല.
സംഭവത്തിൽ ജയിൽ എഡിജിപി സമഗ്ര റിപ്പോർട്ട് തേടിയിട്ടുണ്ട്. സുരക്ഷാ വീഴ്ച വരുത്തിയതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡന്മാർക്കെതിരെ ഉടൻ തന്നെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
ജയിൽ ചാടിയ പ്രതി പെരുമ്പാവൂരിലെ ഒരു മൊബൈൽ കടയിൽ എത്തി പണം കടം ചോദിച്ചതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി പെരുമ്പാവൂരിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുള്ള തെരച്ചിൽ തുടരുകയാണ്. കൂടാതെ പോലീസും റെയിൽവേയും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
