കെ.പി. ശശികല വീണ്ടും ശബരിമലയിലേയ്ക്ക്! ഇപ്പോള്‍ പോകുന്നത് പേരക്കുട്ടിയുടെ ചോറൂണിനെന്ന് വിശദീകരണം; പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് പോലീസിന് ഉറപ്പും

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ശബരിമലയില്‍ ദര്‍ശനം നടത്താനായി വീണ്ടും പുറപ്പെട്ടു. പുലര്‍ച്ചെ എരുമേലിയില്‍ നിന്ന് പമ്പയിലേക്ക്, കെ.എസ്.ആര്‍.ടി.സി. ബസിലാണ് ശശികല യാത്ര തിരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നിലയ്ക്കലില്‍ വച്ച് പോലീസ് മേധാവി യതീഷ് ചന്ദ്ര ശശികലയ്ക്ക് നിര്‍ദേശങ്ങള്‍ കൈമാറി. പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് ശശികല പോലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

പേരക്കുട്ടിയുടെ ചോറൂണിനാണ് ശബരിമലയില്‍ ഇപ്പോള്‍ പോകുന്നതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും ശശികല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശശികലയെ തടയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ അര്‍ധരാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് നിലയ്ക്കലില്‍ വച്ച് പോലീസ് മേധാവി യതീഷ് ചന്ദ്ര ശശികലയ്ക്ക് നിര്‍ദേശങ്ങള്‍ കൈമാറിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് കെ.പി.ശശികല ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയത്. എന്നാല്‍ രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ തീര്‍ഥാടകരെ പോലീസ് നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാത്രി സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പോലീസ്. എന്നാല്‍ രാത്രി സന്നിധാനത്ത് തങ്ങുമെന്ന് വ്യക്തമാക്കി ശശികല മരക്കൂട്ടത്ത് പ്രതിഷേധിക്കുകയായിരുന്നു.

ഇതോടെയാണ് പോലീസ് കെ.പി.ശശികലയെ കരുതല്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു ഐക്യവേദി വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related posts