തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിമാരിൽ ചിലർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി.എസ്.സി അംഗങ്ങളുടെ നിയമന പട്ടികയെയും ഏകപക്ഷീയമായ തീരുമാനങ്ങളെയും ചൊല്ലി ഭിന്നതകളുണ്ടായത്. പട്ടിക സംബന്ധിച്ച കാര്യങ്ങളിൽ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് മന്ത്രിമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസ് പല പ്രധാന തീരുമാനങ്ങളും ഏകപക്ഷീയമായി എടുക്കുന്നുവെന്ന് മന്ത്രിമാരായ എ.പി. അനിൽകുമാർ, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിമർശനമുയർന്നു. പല കാര്യങ്ങളും മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണ് നടപ്പാക്കുന്നതെന്ന പരാതിയും അവർ ഉന്നയിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് മൂന്ന് അംഗങ്ങളെ നിയമിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടിക അംഗീകരിക്കുന്നതിനെചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നു. ദേവസ്വം ബോർഡ് നിയമപ്രകാരം മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരാണ് ഈ നിയമനം നടത്തേണ്ടതെങ്കിലും, തങ്ങളുമായി കൂടിയാലോചിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നായിരുന്നു ചിലരുടെ പരാതി.
വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ അറിയിക്കാതെ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്തിയതും നേരത്തെ വിവാദമായിരുന്നു.
