വേലിതന്നെ വിളവു തിന്നാല്‍ പിന്നെ എങ്ങനെ കെഎസ്ആര്‍ടിസി രക്ഷപ്പെടും ! യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ തട്ടിപ്പ് നടത്തിയ കണ്ടക്ടര്‍ക്ക് അവസാനം കിട്ടിയത് എട്ടിന്റെ പണി…

കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കാനുള്ള പദ്ധതികളുമായി എംഡി ടോമിന്‍ തച്ചങ്കരി മുമ്പോട്ടു പോകുമ്പോഴും കൂസലില്ലാതെ തട്ടിപ്പു നടത്തുകയാണ് ചിലര്‍. യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കാതെ തട്ടിപ്പ് നടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയിലായി. മൂന്നാര്‍ സബ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ എന്‍കെ സജീവാണ് കുമളിയില്‍ നിന്നുള്ള സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. മുട്ടുകാട്-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസിലെ കണ്ടക്ടറാണ് പിടിയിലായ സജീവന്‍.

ചൊവ്വാഴ്ച ഉച്ചയ്ക്ക് അടിമാലിയില്‍ നിന്നു മുട്ടുകാട്ടേക്ക് സര്‍വീസ് നടത്തുന്നതിനിടെ യാത്രക്കാരില്‍ നിന്ന് പൈസ വാങ്ങിയതിന് ശേഷം സജീവന്‍ ടിക്കറ്റ് നല്‍കാതിരിക്കുകയായിരുന്നു. സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നാലു യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം ഇയാള്‍ ടിക്കറ്റ് നല്‍കാത്തതായി കണ്ടെത്തി. പണം തട്ടിയതിന് സജീവനെതിരെ പൊലീസില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആര്‍ടിസി. നാലു വര്‍ഷം മുമ്പും ഇതേകുറ്റത്തിന് ഇയാളെ പിടിച്ചിട്ടുണ്ട്. അതും ഇതേ റൂട്ടില്‍ നിന്നു തന്നെ. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സജീവനെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും ഉടന്‍ ഉണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts