ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാൻ കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെഎസ്ആര്‍ടിസി ആലപ്പുഴ, കോട്ടയം ഡിപ്പോ ഡിടിഒമാര്ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസ് ആരംഭിച്ചു. എന്നാൽ ചങ്ങനാശേരിയിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചില്ല.
തങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് ചങ്ങനാശേരി ഡിപ്പോ അധികൃതർ പറയുന്നത്. ഗട്ടറുകള്‍ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കി നല്കാന് റോഡിന്റെ നിര്‍മാണജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാരന് കെഎസ്ടിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെഎസ്ടിപി അനുമതി നല്കിയാല് തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ നിര്‍ദേശിച്ചതായി ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി വാലടി ഒന്നാംകലുങ്ക് നിര്‍മാണം നടന്നപ്പോള്‍ കെഎസ്ടിപി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
കലുങ്ക് നിര്‍മാണം പൂര്‍ത്തിയായി റോഡ് തുറന്നിട്ടും ബസുകള്‍ ഓടാന്‍ കെഎസ്ടിപി നിര്‍ദേശം നല്‍കിയിരുന്നില്ല. ഇതിനാലാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാതിരുന്നത്.
തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി-കിടങ്ങറ-എടത്വ-വീയപുരം റോഡ് നിര്‍മാണം കെഎസ്ടിപിയുടെ നേതൃത്വത്തില്‍ പരോഗമിച്ചുവരികയാണ്. ദേശസാല്‍കൃത റൂട്ടായ ഈ റോഡില്‍ രണ്ടുമാസക്കാലമായി കെഎസ്ആര്‍ടിസിബസ് സര്‍വീസ് ഇല്ലാത്തതുമൂലം കടുത്ത യാത്രാക്ലേശമാണ് അനുഭവപ്പെടുന്നതെന്നും ദീപിക കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
