ഇനി മുതല്‍ “കാ ഹ്‌മിംഗ് ചു കുമ്മനം രാജശേഖരന്‍ എ നി’ ! എന്നു വെച്ചാല്‍ എന്‍റെ പേര് കുമ്മനം രാജശേഖരന്‍; നാളെ മുതല്‍ കാര്യങ്ങൾ കുറച്ചൂ കൂടി സിംപിളാണ്

ന്യൂഡല്‍ഹി: നാളെ മുതല്‍ കാര്യങ്ങൾ കുറച്ചൂ കൂടി സിംപിളാണ്. വിശക്കുമ്പോള്‍ “ചൗ’ എന്നു പറഞ്ഞാല്‍ മതി, പുട്ടും കടലയും ഇല്ലെങ്കിലും ചൂടുള്ളതെന്തെങ്കിലും ശുദ്ധ വെജിറ്റേറിയന്‍ രൂപത്തില്‍ തന്നെ മുന്നിലെത്തും.

മിസോറാം ഗവര്‍ണറായി ഇന്നു ചുമതല ഏല്‍ക്കുന്ന മുന്‍ ബിജെപി അധ്യക്ഷന്‍റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഭാഷ തന്നെയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംഘടനാ പ്രവര്‍ത്തനത്തിനായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും മിസോറാം എന്നു തികച്ചു പറയുന്നത് പോലും ഗവര്‍ണര്‍ ആയിട്ടുള്ള നിയമന ഉത്തരവ് കിട്ടിയതിന് ശേഷമാണെന്നാണ് ഇന്നു ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം പറഞ്ഞത്.

എഴുത്തിനും വായനയ്ക്കും അപ്പുറം, ഉച്ചാരണം മലയാളിക്ക് ഒരിക്കലും വഴങ്ങാന്‍ സാധ്യതയില്ലാത്ത ഭാഷയാണ് മിസോ. എന്നാല്‍ പ്രാദേശിക സംസാര ഭാഷയ്‌ക്കൊപ്പം തന്നെ ഇംഗ്ലീഷിനും മിസോറാമില്‍ തുല്യപ്രാധാന്യം ഉള്ളതുകൊണ്ട് രാജ്ഭവനിലെ ഭരണം ഭാഷയുടെ പേരില്‍ കുമ്മനത്തിനു മുന്നില്‍ വലിയ വെല്ലുവിളിയാകില്ല. അഥവാ പറഞ്ഞു നില്‍ക്കാന്‍ പറ്റാതെ വന്നാല്‍ “കാ ബുവായ് ലുതുക്’ എന്നു പറഞ്ഞൊഴിവാകാം, “ഞാന്‍ വളരെ തിരക്കിലാണ്’ എന്നര്‍ഥം. എന്നിട്ടും പറ്റിയില്ലെങ്കില്‍ “സപ്ത്വാംഗ് ചൗഹ് കാ തിയാം’ എന്നും പറയാം, “എനിക്കു ഇംഗ്ലീഷ് മാത്രമേ വശമുള്ളു’ എന്നര്‍ഥം.

എന്നാലും ഇതൊന്നും ഈ എഴുതുന്ന എളുപ്പത്തില്‍ പറയാനൊക്കില്ല. മിസോറാമിലെ ആളുകള്‍ക്ക് കേട്ടാല്‍ മനസിലാകുന്ന രീതിയില്‍ മലയാളി മിസോ ഭാഷ പഠിച്ചു പറയാന്‍ ശ്രമിച്ചാല്‍ മൂക്കില്‍ക്കൂടി പുറപ്പെടുന്ന ചില അപശബ്ദങ്ങളായിരിക്കും അനന്തരഫലം.

ഗവര്‍ണർ പദവി ഏല്‍ക്കാന്‍ മിസോറാം തലസ്ഥാനമായ ഐസ്വാളിലേക്കു പോകും മുന്‍പ് കുമ്മനം ഡല്‍ഹി ചാണക്യപുരിയിലെ മിസോറാം ഭവനില്‍ ഉച്ചയോടെ എത്തി. നിയുക്ത ഗവര്‍ണര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണെന്നു മനസിലാക്കിയ മിസോറാം ഭവന്‍ ജീവനക്കാര്‍ ചിക്കനും പോര്‍ക്കും മെയിന്‍ മെനുവായ അടുക്കള ഒഴിവാക്കി അദ്ദേഹത്തിനുള്ള ഭക്ഷണം കേരള ഹൗസില്‍ നിന്നാണ് എത്തിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങിലെങ്കിലും നിയുക്ത ഗവര്‍ണര്‍ കോട്ടും സ്യൂട്ടും ധരിക്കുമോ എന്നു ചോദിച്ചപ്പോള്‍ ഈ വെള്ള ഷര്‍ട്ടിനും മുണ്ടിനും ഒരു മാറ്റവും ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഗവര്‍ണര്‍ ആയി നിയമന ഉത്തരവ് കിട്ടിയപ്പോള്‍ പ്രത്യേക ഡ്രസ് കോഡ് ആവശ്യമുണ്ടാകുമോ എന്ന് അന്വേഷിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക നിബന്ധനകളില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. മിസോറാമില്‍ തണുപ്പു കാലാവസ്ഥയായത് കൊണ്ട് ശൈത്യകാലങ്ങളില്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ഹാഫ് ജാക്കറ്റുകള്‍ വാങ്ങിയിട്ടുണ്ട്.

പഴയതു പോലെ ഇനി രാഷ്ട്രീയം പറയാനാകില്ലെന്നു പറഞ്ഞാണ് മിസോറാം ഭവനില്‍ കുമ്മനം രാജശേഖരന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചു തുടങ്ങിയത്. വളരെ പെട്ടെന്നു ലഭിച്ച സ്ഥാനലബ്‌ധിയിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക മേഖലകളില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

മിസോറാമിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. വിവിധ സമരമുഖങ്ങളില്‍ നിറഞ്ഞുനിന്നിട്ട് ഇപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു എന്നു ചോദിച്ചപ്പോള്‍, എനിക്കു സമരം ചെയ്യാന്‍ മാത്രമല്ല ഗവര്‍ണര്‍ കൂടി ആകാനും കഴിയുമെന്നു കാണിച്ചു കൊടുക്കണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

വിവിധ സംഘടന, രാഷ്ട്രീയ മേഖലകളില്‍ നേതൃനിരയില്‍ നിന്നിട്ടുണ്ടെങ്കിലും ഭരണനിര്‍വഹണ ചുമതലകളുടെ ഭാഗമായി ഇന്നുവരെ താനൊരു പഞ്ചായത്തു മെമ്പര്‍ പോലും ആയിട്ടില്ല എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. പൊതുരംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയമാണ് ഏതു ചുമതലയും കൈകാര്യം ചെയ്യാനുള്ള തന്‍റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം അഞ്ചോടെ ഡല്‍ഹിയില്‍ നിന്നും ഗോഹട്ടിയിലേക്ക് പോയ അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മിസോറാമിലേക്കു തിരിക്കുക. ചൊവ്വാഴ്ച രാവിലെ പതിനൊന്നിനാണ് സത്യപ്രതിജ്ഞ. ജൂണ്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തും. അതിന് ശേഷമേ ഇനി കേരളത്തിലേക്കുള്ള യാത്രയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

സെബി മാത്യു

Related posts