ഓഖി,ഗജ ഇതൊക്കെ എന്ത് കാറ്റ് ചൊവ്വയിലെ കാറ്റാണ് കാറ്റ് ! ചുവന്നഗ്രഹത്തിലെ കാറ്റിന്റെ മൂളല്‍ പകര്‍ത്തി ഇന്‍സൈറ്റ്; മനുഷ്യര്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത ആ ശബ്ദം കേള്‍ക്കാം…

മനുഷ്യര്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചൊവ്വയുടെ ശബ്ദം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ശബ്ദം പുറത്തുവിട്ടത് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡറാണ്. മണിക്കൂറില്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്. അമേരിക്കന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് തെക്കുകിഴക്കു ഭാഗത്തുനിന്നും വടക്കു-കിഴക്ക് ഭാഗത്തേക്കു സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണു പകര്‍ത്തിയതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെര്‍ട് പറഞ്ഞു. ഇന്‍സൈറ്റിലെ സോളര്‍ പാനലിനു മുകളിലൂടെ കടന്നുപോയപ്പോഴാണു ശബ്ദം പകര്‍ത്തിയത്.

നവംബര്‍ 26ന് ആണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്.ലാന്‍ഡറിനുള്ളിലെ എയര്‍പ്രഷര്‍ സെന്‍സറും ഡെക്കിലെ സെയ്‌സ്‌മോമീറ്ററുമാണ് ശബ്ദം പകര്‍ത്തിയത്. ചെറിയൊരു പതാക കാറ്റത്ത് വീശുന്നതുപോലെയായിരുന്നു ശബ്ദമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജ് ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ തോമസ് പൈക് പറഞ്ഞു. 15 മിനിറ്റ് ദൈര്‍ഘ്യമാണ് ഈ ശബ്ദരേഖയ്ക്കുള്ളത്. ചൊവ്വയിലെ ഉപരിതല രഹസ്യങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മെയ് അഞ്ചിനായിരുന്നു ഇന്‍സൈറ്റ് ലാന്‍ഡര്‍ നാസ വിക്ഷേപിച്ചത്.

Related posts