എടീ, പോടീ..! പൊതുജനമധ്യത്തില്‍ ചെയര്‍പേഴ്ണും വൈസ്‌ചെയര്‍മാനും വാക്‌പോര്; എല്ലാം കണ്ട് കണ്ണുതള്ളി പൊതുജനം, തൊടുപുഴയില്‍ ചന്തയെ നാണിപ്പിക്കും പ്രകടനങ്ങള്‍

tp 2പൊതുജനമധ്യത്തില്‍ ചെയര്‍പേഴ്ണും വൈസ്‌ചെയര്‍മാനും തമ്മില്‍ നടത്തിയ വാക്‌പോര് വിവാദം കൗണ്‍സില്‍ യോഗത്തിലും ആളിക്കത്തി. കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ വൈസ് ചെയര്‍മാന്‍ മൗനം പാലിച്ചപ്പോള്‍ ബിജെപി അംഗം രേണുക രാജശേഖരന്റെ നേതൃത്വത്തില്‍ ചെയര്‍പേഴ്‌സണെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

പെന്‍ഷന്‍കാരുടെ അപേക്ഷ സ്വീകരിക്കുന്ന ദിവസം പൊതുജന മധ്യത്തില്‍ തന്നോടു ചെയര്‍പേഴ്‌സണ്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു രേണുക രാജശേഖരന്റെ ആരോപണം. എടീ പോടി എന്നുള്ള ചെയര്‍പേഴ്‌സന്റെ പരാമര്‍ശം വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കി. പൊതുജനമധ്യത്തില്‍ കൗണ്‍സിലറെ അധിക്ഷേപിച്ച ചെയര്‍പേഴ്‌സണ്‍ പ്രോട്ടോകോള്‍ ലംഘനമാണ് നടത്തിയത്. അതിനാല്‍ പരാമര്‍ശം പിന്‍വലിച്ച് ചെയര്‍പേഴ്‌സണ്‍ മാപ്പുപറയണമെന്നും രേണുക രാജശേഖരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആരോപണം നിഷേധിച്ച ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. നോട്ടു പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നികുതി പിരിവ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതിനെ എതിര്‍ത്ത കൗണ്‍സിലറോട് സൂപ്പര്‍ ചെയര്‍പേഴ്‌സണ്‍ ചമയേണ്ട എന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നു ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാന്‍ ഗൂഢനീക്കം നടന്നതായുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് ആര്‍. ഹരിയും രംഗത്തെത്തി.

ആരോപണങ്ങള്‍ നേരിട്ടു കേള്‍ക്കാത്തതിനാല്‍ സത്യാവസ്ഥ എന്താണെന്ന് അറിയില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ഖേദകരമാണെന്നും ആര്‍. ഹരി പറഞ്ഞു. സര്‍ക്കാര്‍ സെപ്റ്റംബറില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ രണ്ടുമാസം സമയം ഉണ്ടായിട്ടും പിരിക്കാതെ എല്ലാം ഒരുമിച്ച് നടത്തിയതാണ് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണം. പെന്‍ഷന്‍ വാങ്ങാന്‍ നഗരസഭയിലെത്തുന്ന ഗുണഭോക്താക്കളോട് നിര്‍ബന്ധപൂര്‍വം കെട്ടിട നികുതി വാങ്ങുന്നത് ശരിയായ നിലപാടല്ല. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടോ എന്നു കണ്ടെത്താന്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നു നഗരസഭയില്‍ പരിശോധന തുടങ്ങിയിരുന്നു.

ഇതിനായി ഗുണഭോക്താവ് ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ കെട്ടിട നികുതിയടച്ച രസീതോ വാടക ചീട്ടോ കൊണ്ടുവരാന്‍ നിഷ്ക്കര്‍ഷിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ വളരെ പാവപ്പെട്ടവരോടു പോലും കെട്ടിട നികുതി നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നത് നീതികരിക്കാനാകില്ലെന്നും പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍ നടക്കുന്നതെന്നും ഹരി ആരോപിച്ചു. ഇതിനിടെ വിശദീകരണവുമായി എഴുന്നേറ്റ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ ചെയര്‍പേഴ്‌സണെ വിമര്‍ശിച്ചു. തന്നെയും കൗണ്‍സിലര്‍ രേണുക രാജശേഖരനെയും ചെയര്‍പേഴ്‌സണ്‍ പൊതുജന മധ്യത്തില്‍ അപമാനിച്ചെന്ന് ടി.കെ സുധാകരന്‍ ആവര്‍ത്തിച്ചു.

ഇതു പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ കൂടുതല്‍ വിവാദത്തിന് മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 നു രാവിലെ നഗരസഭാ കാര്യാലയത്തില്‍ പെന്‍ഷകാരുടെ അപേക്ഷ സ്വീകരിക്കലും നികുതി പിരിവുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ തുടക്കം. പെന്‍ഷന്‍കാരുടെ അപേക്ഷസ്വീകരിക്കുന്ന ദിവസം തന്നെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ നികുതി പിരിവ് നടത്തിയത് ചെയര്‍പേഴ്‌സണ്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പെന്‍ഷന്‍വാങ്ങാനെത്തുന്നവര്‍ രേഖകള്‍ക്കു പുറമെ കരമടച്ച രസീതു കൂടി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.ഇക്കാര്യങ്ങള്‍ ഫിനാന്‍സ് കമ്മിറ്റിയും ജീവനക്കാരും കൂടിയാണ് നടപ്പാക്കുന്നത്. നഗരസഭയിലെ ശമ്പളം മുടങ്ങുമെന്ന സാഹചര്യത്തിലാണ് നികുതി പിരിവുകൂടി നടത്തേണ്ടിവന്നതെന്ന് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.

Related posts