കാഷ്മീരില്‍ വിന്യസിച്ചിരിക്കുന്നത് വമ്പന്‍ സേനയെ ! എന്തോ സംഭവിച്ചേക്കാമെന്ന് മേഖലയില്‍ ആശങ്ക; ഒന്നുമില്ലെന്ന് അധികൃതര്‍…

വടക്കന്‍ കാഷ്മീരിലും ജമ്മുവിനു സമീപവും വിന്യസിച്ചിരിക്കുന്ന വമ്പന്‍ സേനയെ കണ്ട് മേഖലയില്‍ ആശങ്ക.

2019 ഓഗസ്റ്റില്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോഴത്തേത്.

എന്നാല്‍ ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലുതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അധികൃതര്‍ അറിയിച്ചു.

‘പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോയവര്‍ കേന്ദ്ര ഭരണ പ്രദേശത്ത് മടങ്ങിയെത്തുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, മറ്റൊന്നുമല്ല’ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ചില പ്രാദേശിക നേതാക്കളുടെ സംശയം മാറുന്നില്ല. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം ചില പ്രാദേശിക നേതാക്കളെയും വിഘടന വാദി നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇതാണ് ഇവരെ ആശങ്കയിലാക്കുന്നത്.

ജമ്മുവില്‍നിന്നും കാഷ്മീരില്‍നിന്നുമായി വിവിധ സേനാവിഭാഗങ്ങളില്‍പ്പെട്ട 200 കമ്പനി സംഘത്തെ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ജോലികള്‍ക്കായി അയച്ചിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ മാസം 50 സംഘം തിരിച്ചെത്തി. മറ്റുള്ളവരാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. അവരെ തിരികെ വിന്യസിക്കുക മാത്രമാണു ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.

2019ല്‍ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതായുള്ള പ്രഖ്യാപനത്തിനു മുന്നോടിയായി വിവിധ സേനാവിഭാഗങ്ങളുടെ 800 സംഘങ്ങളെ കാഷ്്മീര്‍ താഴ്വരയില്‍ അധികമായി വിന്യസിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കാഷ്്മീരില്‍നിന്നു സേനാ വിഭാഗങ്ങളുടെ 100 സംഘത്തെ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും അയച്ചിരുന്നു.

Related posts

Leave a Comment