മങ്കൊമ്പ്: പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ അഴിമതിമൂലം തകർന്നുവീഴുന്നതിന്റെ മകുടോദാഹരണമാണ് ദേശീയപാത ഇടിഞ്ഞുവീണതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. കോൺഗ്രസ് വെളിയനാട് മണ്ഡലത്തിലെ ഒമ്പതാം വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും അടക്കമുള്ള പദ്ധതികൾ നല്ലരീതിയിൽ മുന്നേറുമ്പോഴാണ് ഇത്തരം തകർച്ചകളെ ന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി ക്രഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ദേശീയപാത നിർമാണം സംബന്ധിച്ച് കേന്ദ്രവുമായി മത്സരിച്ച് വീമ്പു പറയുകയും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ പ്രചാരം നൽകുകയും ചെയ്തിട്ട് ദേശീയപാത ഇടിഞ്ഞുവീണപ്പോൾ മിണ്ടാട്ടം മുട്ടിയവരായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.കെ. കുഞ്ചെറിയ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കറ്റാനം ഷാജി മുഖ്യപ്രഭാഷണം നടത്തി. ടിജിൻ ജോസഫ്, സി.വി. രാജീവ്, ജി. സൂരജ്, ടി.ഡി. അലക്സാണ്ടർ, എൻ.സി. ബാബു, അനിൽ തൈവീടൻ, എ.കെ.സോമനാഥൻ, അലക്സാണ്ടർ വാഴയിൽ, മേബിൾ സിജു തുടങ്ങിയവർ പ്രസംഗിച്ചു.