അന്നെടുത്ത ആ തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ചു ! വെളിപ്പെടുത്തലുമായി ലെന…

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ലെന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശക്തമായ കഥാപാത്രങ്ങളിലൂടെ നടി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിങ്ങനെ ഹിറ്റുകള്‍.

അതിനു ശേഷം ലെന അഭിനയം നിര്‍ത്തി ക്ലിനിക്കല്‍ സൈക്കോളജി പഠിയ്ക്കുവാന്‍ മുംബൈയിലേയ്ക്ക് പോയി. പഠനം കഴിഞ്ഞ് അവിടെ ജോലിചെയ്യുന്ന സമയത്താണ് കൂട്ട് എന്ന സിനിമയില്‍ നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിയ്ക്കുന്നത്.

പിന്നീടിങ്ങോട്ട് നിരവധി സിനിമകള്‍. വ്യത്യസ്ഥതയാര്‍ന്ന വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇക്കാലയളവില്‍ ഒരു സ്ഥാനം നേടിയെടുക്കാനും നടിയ്ക്കായി.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ലെന തന്റെ ജീവിതത്തില്‍ ഏറെ നിര്‍ണായകമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ലെന കുറിക്കുന്നു. രണ്ടാം ഭാവം കഴിഞ്ഞ് ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു. അതിനാലാണ് തന്റെ ജീവിതം എല്ലാവിധത്തിലും മികച്ചതായത് എന്ന് ലെന പറയുന്നു.

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. കൂട്ട് എന്ന സിനിമയ്ക്ക് ശേഷമായിരുന്നു ലെനയുടെ വിവാഹം.
ചെറുപ്പകാലംമുതലേയുള്ള സുഹൃത്തായ അഭിലാഷ് കുമാറിനെയായിരുന്നു ലെന വിവാഹം ചെയ്തത്. 2004ല്‍ ആയിരുന്നു അവരുടെ വിവാഹം.

വിവാഹത്തിനു ശേഷം സീരിയലിലൂടെയാണ് ലെന അഭിനയ രംഗത്തേയ്ക്ക് മടങ്ങിവന്നത്. ഓമനത്തിങ്കള്‍ പക്ഷി, ഓഹരി, അരനാഴികനേരം, ചില്ലുവിളക്ക് എന്നിവയടക്കം പന്ത്രണ്ടോളം സീരിയലുകളില്‍ ലെന അഭിനയിച്ചു.

തുടര്‍ന്ന് ബിഗ്ബി എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ വീണ്ടും സിനിമാ ജീവിതത്തിലേക്കെത്തി. പിന്നെ അങ്ങോട്ട് നിരവധി കഥാപാത്രങ്ങള്‍ക്ക് ലെന ജീവന്‍ പകര്‍ന്നു. നൂറിലധികം മലയാള ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും ലെന അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അവതാരികയായും ജഡ്ജായുമെല്ലാം ലെന പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പരസ്യ ചിത്രങ്ങള്‍ക്ക് മോഡലായിട്ടുമുണ്ട്.

മ്യൂസിക് ആല്‍ബങ്ങളിലും ലെന അഭിനയിച്ചിട്ടുണ്ട്. 2008 ല്‍ മികച്ച നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലെന സ്വന്തമാക്കി.

2013 മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ് എന്നീ സിനിമകളിലെ അഭിനയത്തിന് ലെനയ്ക്ക് ലഭിച്ചു.

അഭിലാഷ് കുമാറില്‍ നിന്ന് വിവാഹമോചനം നേടിയ ലെന ഇപ്പോള്‍ കൊച്ചിയിലാണ് താമസിയ്ക്കുന്നത്. അതേ സമയം മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്സ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയിരുന്നു.

സാജന്‍ ബേക്കറി സിന്‍സ് 1962 ആണ് ലെന മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Related posts

Leave a Comment