അന്ന് ഞാന്‍ പറഞ്ഞത് അങ്ങനെയല്ല…പലരും കാര്യങ്ങള്‍ അവരുടേതായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു; പൃഥിയുടെ അമ്മ വേഷം ഞാന്‍ എന്തിനു ചെയ്യണം എന്നല്ല ചോദിച്ചതെന്ന് വ്യക്തമാക്കി നടി ലെന…

വെല്ലുവിളി നിറഞ്ഞതും വ്യത്യസ്ഥവുമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു വാങ്ങിയ നടിയാണ് ലെന. രണ്ടു പതിറ്റാണ്ടു പിന്നിട്ട അഭിനയ ജീവിതത്തിനെ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങളെയാണ് നടി പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. യുവതാരങ്ങളുടെ അമ്മവേഷങ്ങള്‍ ചെയ്യാനും ലെനയ്ക്ക് മടിയുണ്ടായിരുന്നില്ല. എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെയും വിക്രമാതിദ്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെയും ആദിയില്‍ പ്രണവ് മോഹന്‍ലാലിന്റെയുമെല്ലാം അമ്മ വേഷം ലെന മികവുറ്റതാക്കി. എന്നാല്‍ അമ്മ വേഷങ്ങളെക്കുറിച്ച് താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പലരും വളച്ചൊടിച്ചുവെന്ന് തുറന്നു പറയുകയാണ് ലെന ഇപ്പോള്‍. ജമേഷ് കോട്ടക്കലിന്റെ ജമേഷ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘2004 ല്‍ പുറത്തിറങ്ങിയ കൂട്ട് എന്ന തെലുങ്ക് സിനിമയില്‍ റിച്ചാര്‍ഡിനൊപ്പം (ശാലിനിയുടെ സഹോദരന്‍) അഭിനയിച്ചിട്ടുണ്ട്. റിച്ചാര്‍ഡിന്റെ ജോഡി ഞാന്‍ അല്ലായിരുന്നു. അതിലെ മറ്റൊരു കഥാപാത്രത്തിന്റെ നായികയുടെ വേഷമാണ് ഞാന്‍ ചെയ്തത്. എന്നാല്‍ എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയതിന് ശേഷം ഞാന്‍ റിച്ചാര്‍ഡിനൊപ്പം മറ്റൊരു തെലുങ്ക് ചിത്രം ചെയ്തു. അതില്‍ നായികയുടെ അമ്മയുടെ വേഷമായിരുന്നു. വിക്രമാദിത്യനിലും എന്നു നിന്റെ മൊയ്തീനിലും പ്രായമുള്ള വേഷങ്ങള്‍ ചെയ്തപ്പോള്‍ എന്റെ ശരീരം സ്വാഭാവികമായും അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി പാകമായി. എന്ന് നിന്റെ മൊയ്തീനിലെ അമ്മ വേഷത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു. ഞാനും പൃഥ്വിയും ഒരേ വയസ്സല്ലേ പിന്നെ ഞാന്‍ എന്തിന് അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്യണം എന്ന് ചോദിച്ചു എന്നായി പ്രചരണം. സത്യത്തില്‍ അങ്ങനെയല്ല ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞതിന്റെ സാഹചര്യം വ്യത്യസ്തമായിരുന്നു” ലെന പറയുന്നു.

എന്ന് എന്റെ മൊയ്തീനില്‍ അഭിനയിക്കാന്‍ ആര്‍.എസ് വിമല്‍ എന്നെ വിളിച്ചപ്പോള്‍ ഉണ്ടായ ഒരു സംഭവമാണ്. കഥ പറഞ്ഞതിന് ശേഷം വിമല്‍ പറഞ്ഞു, പൃഥ്വിയുടെ അമ്മയുടെ വേഷമാണ് ഞാന്‍ ചെയ്യേണ്ടത് എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന്. അപ്പോള്‍ വിമല്‍ പറഞ്ഞു നിങ്ങളാണ് പാത്തുമ്മ. വിമലിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു എങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ എന്ന്. പാത്തുമ്മയെ എല്ലാവരും സ്വീകരിച്ചു. കോഴിക്കോടന്‍ ഭാഷ പ്രശ്‌നമായിരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ മൊയ്തിന്റെ സഹോദരന്‍ റഷീദ് സിനിമയുടെ ഷൂട്ടിങ് കാണാന്‍ വന്നിരുന്നു. ഞാന്‍ താക്കോല്‍ എറിഞ്ഞ് ഇറങ്ങി പോകുന്ന രംഗം കണ്ടപ്പോള്‍ റഷീദ് പറഞ്ഞു ശരിക്കും പാത്തുമ്മയെപ്പോലെ തന്നെ ഉണ്ടെന്ന്. അപ്പോഴാണ് എനിക്ക് ആശ്വാസമായത്.’

ബിസിനസ് സംരംഭമായ ആകൃതിയെക്കുറിച്ചും ലെന സംസാരിച്ചു. ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഭാരം കുറക്കണം എന്ന് പറഞ്ഞപ്പോള്‍ അതിന് വേണ്ടി നടത്തിയ പരിശ്രമമാണ് തന്നെ ആകൃതിയിലേക്ക് എത്തിച്ചതെന്ന് ലെന പറഞ്ഞു. രണ്ട് മാസം കൊണ്ട് ശരീരഭാരം കുറയ്ക്കണമായിരുന്നു. എന്റേതായ രീതിയില്‍ പല മാര്‍ഗങ്ങളും നോക്കിയെങ്കിലും പരാജയമായിരുന്ന ഫലം. അങ്ങനെ ഫിസിയോതെറാപ്പിസ്റ്റായ എന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഞാന്‍ ഫിസിയോ തെറാപ്പി ബേസ്ഡ് സ്ലിമ്മിങ്ങ് പരീക്ഷിച്ച് നോക്കിയത്. പതിനഞ്ച് ദിവസം കൊണ്ട് ഏഴ് കിലോ ഭാരമാണ് കുറച്ചത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആകൃതി തുടങ്ങിയത്. ഒറ്റയ്ക്കല്ല, പാര്‍ട്നര്‍മാരുണ്ട്. ഫിസിയോതെറാപ്പിയുടെ കാര്യം നോക്കുന്നത് ഞാന്‍ നേരത്തേ പറഞ്ഞ സുഹൃത്താണ്- ലെന പറഞ്ഞു.’

Related posts