ഇന്ത്യയിലാകെ 10 കോടി ഗൃഹനാഥന്മാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മോദിയുടെ വര്‍ണചിത്രം പതിച്ച കത്ത്! മരിച്ചുപോയവരുടെ പേരിലടക്കം കത്ത് വന്നതോടെ കേരളത്തിലെ തപാല്‍ സംവിധാനം താറുമാറായി

പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്ത് കേരളത്തിലെ തപാല്‍ സംവിധാനത്തെ താറുമാറാക്കി. പോസ്റ്റോഫീസിലെ കമ്പ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തിയും ഓഫീസ് സമയം കഴിഞ്ഞു പോയ ജീവനക്കാരെ വിളിച്ചു വരുത്തിയുമാണ് പ്രധാനമന്ത്രിയുടെ കത്ത് ജനങ്ങള്‍ക്കെത്തിക്കുന്നത്.

ഇതോടെ സാധാരണക്കാര്‍ക്ക് ഏറ്റവും അത്യാവശ്യ ഇടപെടല്‍ പോലും രണ്ട് ദിവസമായി തപാല്‍ ഒഫീസുകളില്‍ നടക്കാതായിരിക്കുകയാണ്. തപാല്‍ ഓഫീസിലെത്തുന്ന ഉപഭോക്താക്കളെ സെര്‍വര്‍ പ്രശ്നം പറഞ്ഞും തിരക്ക് പറഞ്ഞും തിരിച്ചയക്കുകയാണ്. സ്പീഡ് പോസ്റ്റും രെജിസ്റ്റര്‍ പോസ്റ്റും ആവിശ്യമുള്ളവര്‍ രണ്ട് ദിവസം കഴിഞ്ഞ് വരാനാണ് പറയുന്നത്. വളരെ പെട്ടന്ന് തന്നെ കൊടുത്തു തീര്‍ക്കണമെന്ന കേന്ദ്ര ഉത്തരവ് ഉള്ളതിനാലാണ് ഇത് ഓരോ കത്തും സ്പീഡ് പോസ്റ്റായാണ് അയച്ചിരിക്കുന്നത്.

40 രൂപയാണ് ഒരു കത്ത് അയയ്ക്കുന്നതിനുള്ള പോസ്റ്റോഫീസിലെ മാത്രം ചെലവ്. 2000 കോടി രൂപയാണ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് ആകെ വകയിരുത്തിയിട്ടുള്ളത്. പ്രധാന്‍മന്ത്രി ആവാസ് യോജന, പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന, സൗഭാഗ്യ പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ചും മോദി കത്തില്‍ പറയുന്നു.

ഈ കത്ത് അടിച്ചത് അഡ്മിനിസ്ട്രേറ്റീവ് ചെലവിലാണ് പെടുത്തിയിരിക്കുന്നത്. മരിച്ചു പോയവരുടെ പേരിലടക്കം കത്തു വന്നതോടെ ആളെ കണ്ടെത്തുന്ന പണിയും കൂടിയിട്ടുണ്ട്. മരിച്ചു പോയവര്‍ക്ക് കത്ത് വന്നാല്‍ തിരിച്ചയക്കണമെന്നാണ് ചട്ടം. എന്നാല്‍ മരിച്ചു പോയവരുടെ പേരില്‍ വന്ന കത്തുകള്‍ അവരുടെ വീടുകളില്‍ കൊണ്ട് കൊടുക്കണമെന്ന് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശവുമുണ്ട്.

മോദി സര്‍ക്കാരിന്റെ പദ്ധതിയായ ഈ ഇന്‍ഷൂറന്‍സ് പരിപാടിയെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന കത്തില്‍ പ്രധാനമന്ത്രി തന്റെ വ്യക്തിപരമായ കാര്യങ്ങളും എഴുതിയിട്ടുണ്ട്. തന്റെ ചെറുപ്പകാലത്ത് കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുവന്നതെന്നും കത്തില്‍ മോദി അവകാശപ്പെടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തപാല്‍ സംവിധാനത്തെയാകെ താറുമാറാക്കിയുള്ള പ്രധാനമന്ത്രിയുടെ കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

‘ഇന്ത്യയിലാകെ 10 കോടി ഗൃഹനാഥന്‍മാര്‍ക്കാണ് സര്‍ക്കാര്‍ ചെലവില്‍ മോദിയുടെ വര്‍ണ്ണചിത്രം പതിച്ച വില കൂടിയ കവറില്‍ കത്തയക്കുന്നത്. പാലക്കാട് മാത്രം രണ്ടുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി എണ്‍പത് കത്തയച്ചു. സ്പീഡ് പോസ്റ്റിലാണ് അയക്കുന്നത്. കത്തൊന്നിന് 41 രൂപ. ആകെ 410 കോടി തപാല്‍ ചിലവ്. അച്ചടിച്ചെലവ് 2.50*10 കോടി=25 കോടി. ലോറികളില്‍ പാലക്കാടെത്തിച്ചാണ് അയക്കുന്നത്. മേല്‍നോട്ടം ബി.ജെ.പി. ജില്ലാ ഓഫീസില്‍ നിന്നും. ലോറിവാടകയും കവറിന്റെ വിലയുമെല്ലാം വേറെ വരും. എല്ലാം പൊതു പണം’. എം.ബി രാജേഷ് എം.പി കുറ്റപ്പെടുത്തി.

Related posts