ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് മദ്യശാലകള്‍; മാഹിയിലെ അവസ്ഥ ഹര്‍ത്താലിന് സമമെന്ന് നാട്ടുകാര്‍; കാലിയടിച്ചു പോകുന്ന ബസുകള്‍ അപൂര്‍വ്വ കാഴ്ച

mahi600ദേശീയ,സംസ്ഥാന പാതകളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന കോടതി ഉത്തരവു വന്നത് ഏറ്റവുമധികം ബാധിച്ചത് മാഹിയെയാണ്. മദ്യശാലകള്‍ക്ക് പേരുകേട്ട മാഹി ടൗണില്‍ മാത്രം 32 മദ്യശാലകള്‍ക്കാണ് പൂട്ടുവീണത്. കോടതി നിഷ്‌കര്‍ഷിക്കുന്ന പരിധിയില്‍ ഉള്‍പ്പെടാത്ത, റെയില്‍േവ സ്‌റ്റേഷന്‍ റോഡിലുള്ള സ്റ്റാര്‍ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലയ്ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി.

മദ്യപന്മാരുടെ പറുദീസയെന്നായിരുന്നു മുമ്പ് മാഹി അറിയപ്പെട്ടിരുന്നത്. മാഹിയില്‍ ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 62 മദ്യശാലകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പകുതിയിലേറെ ദേശിയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നതും. ഇവയ്ക്കാണ് ഏപ്രില്‍ ആദ്യ ദിവസത്തോടെ തന്നെ പൂട്ടു വീണിരിക്കുന്നത്. 19 മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്നലെ അടച്ചുപൂട്ടിയത്. ബാറുകള്‍ പൂട്ടിയതോടെ അറന്നൂറോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു.

ടൗണിലെ മദ്യശാലകള്‍ അടയ്ക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ മദ്യശാലകളില്‍ തിരക്കുകൂട്ടുമെന്നും ഇതുവഴി ഗ്രാമത്തില്‍ മദ്യപശല്യം വര്‍ദ്ധിക്കുമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്. പുതിയ കോടതി വിധിയില്‍ ടൗണിലെ ജനങ്ങള്‍ ആശ്വാസത്തിലാകുമ്പോള്‍ പന്തക്കല്‍, പള്ളൂര്‍, ചാലക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. മദ്യശാലകള്‍ക്ക് താഴുവീണതോടെ മാഹിയിലെ അവസ്ഥ ഹര്‍ത്താലിനു സമമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒഴിഞ്ഞ പെട്ടിക്കടകളും ഹോട്ടലുകളും, കാലിയടിച്ചു പോവുന്ന ബസ്സുകളും അപൂര്‍വ്വ കാഴ്ചയായി. റെയില്‍വേ സ്‌റ്റേഷനില്‍ പോലും തിരക്കൊഴിഞ്ഞ അവസ്ഥയാണുള്ളത്. മദ്യപിച്ച് വീട്ടുമുറ്റത്തും,റോഡിന്റെ ഇരുവശങ്ങളിലും ബോധം പോയി കിടക്കുന്ന മദ്യപന്മാരുടെ കാഴ്ചകളും മാഹിയില്‍ പതിവായിരുന്നു. എന്നാല്‍ തിരക്കൊഴിഞ്ഞ് വിജനമായ തെരുവിന്റേയും പൂട്ടിക്കിടക്കുന്ന കടത്തിണ്ണകളുടെ കാഴ്ചകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ദുരവസ്ഥ എന്നല്ലാതെ എന്തു പറയാന്‍.

Related posts