കൊച്ചി: എളുപ്പത്തില്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ലോണിനായി നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചു അത് നിങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കുമെന്നാണ് പോലീസ് മുന്നറിയിപ്പില്‍ ഉള്ളത്.
ആപ്പ് ഒറിജിനല്‍ ആണോ….
ആപ്പുകള്‍ അംഗീകൃതമാണോയെന്നറിയാനും വഴിയുണ്ട്. www.rbi.org.in എന്ന വെബ്സൈറ്റില്‍ ‘സിറ്റിസന്‍സ് കോര്‍ണര്‍’ തെരഞ്ഞെടുക്കുക. അതിന് താഴെ DLA’s deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകള്‍ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം.
വിളിക്കൂ 1930 ലേക്ക്
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട. തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.
