പോലീസ് സ്‌റ്റേഷന്‍ മംഗല്യവേദിയായപ്പോള്‍ വധൂവരന്മാര്‍ക്ക് വരണമാല്യം കൈമാറിയത് എസ്‌ഐ !വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയം പോലീസുകാരുടെ ആശിര്‍വാദത്തോടെ സാക്ഷാത്കരിക്കപ്പെട്ടത് ഇങ്ങനെ…

രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലേര്‍പ്പെടുന്നത് വളരെപ്പെട്ടെന്നാണെങ്കിലും അത് വിവാഹത്തിലെത്തിക്കുന്നത് അത്ര എളുപ്പമല്ല. ചിലരുടെ കാര്യം പെട്ടെന്ന് നടക്കുമെങ്കിലും പല അവസരങ്ങളിലും ആണിന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ ഉടക്കുമായി രംഗത്തെത്തുക പതിവാണ്. ഇത്തരം സാഹചര്യത്തിലാണ് പോലീസിന്റെ സഹായം ആവശ്യമായി വരിക. ഇത്തരത്തില്‍ പോലീസ് നടത്തിയ ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

പോലീസ് സ്‌റ്റേഷന്‍ തന്നായിരുന്നു വിവാഹവേദി. വരണമാല്യം വരനും വധുവിനും കൈമാറിയത് എസ്ഐയും. ഞായറാഴ്ചയാണ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍വെച്ച് യുവദമ്പതികള്‍ വിവാഹിതരായത്. സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോള്‍ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു. അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലാണ്.

എന്നാല്‍ ഇരുവരുടെയും കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന ഇവര്‍ കോടതിയെ സമീപിച്ചു. അതേസമയം ഇരുവരും അവരവരുടെ വീട്ടില്‍ തന്നെ തുടരുകയും ചെയ്തു.

ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാനുള്ള ശ്രമങ്ങള്‍ വീട്ടുകാര്‍ ആരംഭിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയതോടെ രണ്ടു ദിവസം മുമ്പ് ഇരുവരും വീട്ടില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം യുവതിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവരെയും കണ്ടെത്തി. കമിതാക്കള്‍ തങ്ങളുടെ പ്രണയകഥ പൊലീസിനോട് പറഞ്ഞു. കഥ കേട്ടപ്പോള്‍ പൊലീസ് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ ഇരുകുടുംബങ്ങളും കല്യാണത്തിന് സമ്മതം മൂളി.

കുടുംബം കല്യാണത്തിന് സമ്മതം നല്‍കിയതോടെ വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ പൊലീസ് തന്നെ ഒരുക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ രാഹുലും നൈനയും പൊലീസുകാര്‍ക്ക് നന്ദി പറയുകയും ചെയ്തു. ഇവരെയൊക്കെയാണ് മാതൃകാ പോലീസ് എന്നു വിളിക്കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Related posts

Leave a Comment