ജാപ്പനീസുകാരുടെ പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് മാച്ച ടീ. ആന്റി ഓക്സിഡന്റുകളാൽ സന്പന്നമാണ് ഇത്. കരളിന്റെ ആരോഗ്യത്തിനും കോശങ്ങളുടെ കേടുപാടുകൾ തടയാനും മാച്ചാ ചായ ഗുണം ചെയ്യുന്നുണ്ട്. അങ്ങ് ജപ്പാനിൽ മാത്രമല്ല ഇങ്ങ് ഇന്ത്യയിലും മാച്ചാ ചായകൾ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു.
ലക്നോയിലെ ഒരു തെരുവു കട്ടവടക്കാരൻ മാച്ചാ ടീ ഉണ്ടാക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പിച്ചള പാത്രത്തിലാണ് കച്ചവടക്കാരൻ ചായ ഉണ്ടാക്കുന്നത്. ചൂട് ചായ തിളച്ച് മറിയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇളം പച്ച നിറത്തിൽ ചായ തിളച്ചു മറിയുകയാണ്. കളിമൺ ഗ്ലാസിലേക്ക് അതിൽ നിന്നും ഒരു കപ്പ് ചായ അദ്ദേഹം പകർന്നു കൊടുക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പലരും ഇത് മാച്ചാ ചായ തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ചു. 500 ഗ്രാമിന് ഏഴായിരം രൂപ മുതലാണ് പ്രീമിയം ഗ്രേഡ് ചായപ്പൊടിയുടെ വില വരുന്നത്. അതുകൊണ്ട്തന്നെ ഇത് വ്യാജനാണോ എന്നു പോലും ചിലർ ചോദിച്ചിട്ടുണ്ട്. എന്തായാലും മച്ചാന്റെ മാച്ചാ ചായ ഇപ്പോൾ ലക്നോ തെരുവോരങ്ങളിൽ വൈറലാണ്.
