പീഡനചിത്രത്തില്‍ പ്രതിശ്രുത വരന്‍ നല്‍കിയ മോതിരം വേണമെന്നത് ‘മാഡ’ത്തിന് നിര്‍ബന്ധമായിരുന്നു; ആക്രമിച്ചത് റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ വിവാഹം ഇടങ്കോലിടുമെന്ന തോന്നലിനാല്‍; ആക്രമോണോദ്ദേശ്യം വിവാഹം മുടക്കലോ ?

madam-600കൊച്ചി: കൊച്ചിയില്‍ നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്് അവരുടെ വിവാഹം മുടക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന സംശയം മുറുകുന്നു. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടെ വിവാഹം മുടങ്ങുമെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയ ‘മാഡ’ത്തിന്റെ കണക്കു കൂട്ടലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാല്‍ നടി പോലീസില്‍ പരാതിപ്പെട്ടതോടെ കാര്യങ്ങള്‍ മാഡത്തിന്റെ പിടിയില്‍ നിന്നു വഴുതിപ്പോവുകയായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫും പി.ടി തോമസ് എംഎല്‍എയും സ്ഥലത്തെത്തിയതും വിഷയത്തിനു പ്രാധാന്യമേകി.

നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തില്‍ ഏതാണ്ടു വ്യക്തമായി. ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ പള്‍സര്‍ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ നീക്കം. പ്രതിശ്രുത വരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്നു ക്വട്ടേഷന്‍ നല്‍കിയ മാഡം നിര്‍ബന്ധം പിടിച്ചുവെന്നാണ് പ്രതി നല്‍കിയ മൊഴി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് വിവാഹം മുടക്കാന്‍ മാഡത്തെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ആക്രമണത്തിന് ഇരയായ നടിയുമായി വ്യക്തിപരമായ ബന്ധമുള്ളതിനാല്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പൊലീസിന് മാര്‍ച്ചില്‍ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്താക്കിയിട്ടുണ്ട്. ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചനയും ഇതിന് പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൊലീസ് സംശയിക്കുന്ന ചിലര്‍ ഇതില്‍ ഉള്‍പ്പെട്ടതിന്റെ സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. മാര്‍ച്ചില്‍ തന്നെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

പള്‍സര്‍ സുനിയെ അറസ്റ്റു ചെയ്തതിനു തൊട്ടുപിന്നാലെ ലഭിച്ച ദൃശ്യങ്ങള്‍ അന്നേ ഫോറന്‍സിക് ലാബില്‍ അയച്ച് വ്യക്തത വരുത്തിയിരുന്നു. നടിയെ വാഹനത്തില്‍ പ്രതി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പരിശോധനയ്ക്കായി ലഭിച്ചെന്നും അതിന്റെ വിശദാംശം അടുത്തദിവസം തന്നെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായും ഫൊറന്‍സിക് ലാബ് ഉന്നതരും സ്ഥിരീകരിച്ചു. ഇപ്പോള്‍ പുതുതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഗൂഢാലോചനയുടെ ഭാഗമായ ചിലരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ബെഹ്‌റ വ്യക്തമാക്കി.

ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഇവര്‍ കുറ്റം ചെയ്തതായുള്ള യാതൊരു തെളിവുകളും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കി. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടു പോയത്. ദിലീപ് സുനിയെ അറിയില്ലെന്നു പറഞ്ഞെങ്കിലും ദിലീപുമായി സുനിയ്ക്ക് മുന്‍ പരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന തെളിവുകള്‍ പുറത്തു വന്നതും സുനി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായുള്ള ദിലീപിന്റെ പരാതിയും അന്വേഷണത്തിന്റെ മുന ഇവരിലേക്കു തിരിയാന്‍ വഴിയൊരുക്കി.

അതിക്രമത്തിനിരയായ നടിയോടു ശത്രുതയുള്ള പല ആളുകളും മലയാള സിനിമയിലുണ്ടെന്ന സൂചനയാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ഇതു കാരണം ക്വട്ടേഷന്‍ കൊടുക്കാന്‍ സാധ്യതയുള്ള ആള്‍ എന്ന നിലയില്‍ വ്യക്തമായി ഒരാളെ സംശയിക്കാന്‍ പോലീസിനു സാധിക്കുന്നില്ല. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയെ പുറത്തു കൊണ്ടുവന്നത് പി ടി തോമസിന്റെ ഇടപെടല്‍ ആയിരുന്നു. നടിയെ ആക്രമിക്കുന്നതിന് മുമ്പ് നടനും പള്‍സര്‍ സുനിയും ബംഗ്ലൂരുവിലേക്ക് വിമാനത്തില്‍ പറന്നതായി സൂചനയുണ്ടായിരുന്നു. എസ്‌റ്റേറ്റ് തിരിച്ചു നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടിയെ ആക്രമിക്കുന്നതില്‍ എത്തിയതെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ നടിയുടെ കാമുകനെ ഭയപ്പെടുത്താനായിരുന്നു യാത്രയെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തക വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്.

Related posts