മനുഷ്യത്വം മരിച്ചിട്ടില്ല ! അന്യനാട്ടുകാരന്‍ താന്‍ വില്‍ക്കാന്‍ കൊണ്ടുവന്ന അമ്പത് കമ്പിളിപ്പുതപ്പുകളും ദുരന്തബാധിതര്‍ക്ക് ദാനം ചെയ്തു

കണ്ണൂര്‍:കണ്ണൂരും വയനാടുമുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ കനത്തനാശം വിതച്ചാണ് മഴ കടന്നുപോയത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളാലാവുന്ന സഹായം ചെയ്യാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. ഈ സഹായകൂട്ടായ്മയില്‍ മറുനാട്ടില്‍നിന്നു കമ്പിളിപ്പുതപ്പു വില്‍ക്കാനെത്തിയ മനുഷ്യനും അംഗമായിരിക്കുകയാണ്. ദുരിത ബാധിതരുടെ വിഷമങ്ങള്‍ മനസിലാക്കിയ മധ്യപ്രദേശ് സ്വദേശി താന്‍ വില്‍പ്പനയ്‌ക്കെത്തിച്ച കമ്പിളിപ്പുതപ്പുകള്‍ ദാനം ചെയ്താണ് തന്റെ മനസ്സിലെ നന്മ പ്രദര്‍ശിപ്പിച്ചത്.

കണ്ണൂര്‍ ഇരിട്ടി താലൂക്ക് ഓഫിസില്‍ ഇടവേള സമയത്തു കമ്പിളി വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു എന്ന ഈ മധ്യപ്രദേശുകാരന്‍. താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ നാട്ടിലെ മഴദുരിതത്തെക്കുറിച്ചു വിഷ്ണുവുമായി സംസാരിച്ചിരുന്നു. ഇതോടെ തന്റെ കയ്യിലുണ്ടായ പുതപ്പുകള്‍ ദുരിത ബാധിതര്‍ക്കു നല്‍കാന്‍ വിഷ്ണു തയാറായി. മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലാണു വിഷ്ണു കമ്പിളി വിതരണം ചെയ്തത്. ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി കമ്പിളിപ്പുതപ്പുകള്‍ ഏറ്റുവാങ്ങി. വിഷ്ണുവിന്റെ പ്രവൃത്തിയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

Related posts