മലപ്പുറം വണ്ടൂരില്‍ പിളര്‍ന്നു മാറിയ റോഡിനുപകരം താല്‍ക്കാലിക നടപ്പാലം! ഏതാനും മണിക്കൂറുകള്‍ കൊണ്ട് പാലം പണി തീര്‍ത്ത സൈന്യത്തിന് കയ്യടിച്ച് നാട്ടുകാരും സോഷ്യല്‍മീഡിയയും

കേരളത്തില്‍ അരങ്ങേറിയ പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. കണ്ടാല്‍ ഭയം ഉളവാകുന്ന രീതിയിലുള്ളതായിരുന്നു അവയില്‍ പലതും. അക്കൂട്ടത്തിലൊന്നായിരുന്നു, നാട്ടുകാര്‍ നോക്കിനില്‍ക്കെ മഴവെള്ളപ്പാച്ചിലില്‍ റോഡ് പിളര്‍ന്നു മാറിയ, മലപ്പുറം വണ്ടൂരില്‍ നിന്നുള്ള കാഴ്ച.

എന്നാല്‍ അവിടെ നിന്നുള്ള ഒരു നന്മയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെള്ളാമ്പുറത്ത് ഇന്ത്യന്‍ സൈന്യം താല്‍ക്കാലിക നടപ്പാലം നിര്‍മിച്ചിരിക്കുന്നു. വലിയ മരങ്ങള്‍ മുറിച്ചുകൊണ്ടുവന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് പാലം നിര്‍മിക്കുന്നത് നാട്ടുകാരും കൗതുകത്തോടെയാണ് നോക്കിനിന്നത്.

വള്ളുവമ്പ്രത്തെ പാലം പൊളിഞ്ഞു പോവുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെയടക്കം ഏക യാത്രാമാര്‍ഗം ഇല്ലാതായതിന്റെ ഗൗരവം മനസിലാക്കിയാണ് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ സൈന്യമെത്തിയത്.

കഴിഞ്ഞ ദിവസം സൈനികര്‍ സന്ദര്‍ശിച്ചപ്പോള്‍ താല്‍ക്കാലികമായി നടപ്പാലമൊരുക്കിയാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് സമീപത്തെ തെങ്ങിന്‍ തോപ്പില്‍ നിന്ന് നാല് വലിയ തെങ്ങുകള്‍ മുറിച്ചു മാറ്റി പിളര്‍ന്ന റോഡിന് കുറുകെയിട്ടാണ് താല്‍ക്കാലിക നടപ്പാലമുണ്ടാക്കിയിട്ടുള്ളത്.

ഇരുഭാഗത്തും കവുങ്ങുകള്‍ ഉപയോഗിച്ച് കൈവരികളും നിര്‍മ്മിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശത്ത് നിന്ന് ഭാരമുള്ള തെങ്ങുകള്‍ യന്ത്രങ്ങളുടെ സഹായമില്ലാതെയാണ് റോഡിന് മുകളിലെത്തിച്ചത്. ഏറെ ശ്രമകരമായ ദൗത്യത്തിന് സഹായവുമായി നാട്ടുകാരും എത്തി.

രണ്ടു ദിവസത്തിനുള്ളില്‍ താല്‍ക്കാലിക മേല്‍പ്പാലം നിര്‍മിച്ചത് നാട്ടുകാര്‍ക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ചാലിയാറിന് കുറുകെയുള്ള ഊര്‍ങ്ങാട്ടിരിയിലെ ഇരുമ്പു നടപ്പാലം പുനര്‍നിര്‍മിക്കുന്ന ദൗത്യവും ക്യാപ്റ്റന്‍ കുല്‍ദീപ് സിങ് റാവത്തിന്റെ നേതൃത്വത്തിലെത്തിയ സൈന്യം ഏറ്റെടുത്തു കഴിഞ്ഞു.

Related posts