കൊച്ചി: തന്റെ യുദ്ധം ഹേമാ കമ്മറ്റിയിലെ കുറ്റാരോപിതര്‍ക്കെതിരെയെന്ന് താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേത മേനോന്. താന്‍ ഉള്ളിടത്തോളം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ അമ്മ തലപ്പത്തു വരില്ല. അതിനായി ഏതറ്റം വരെ പോകാനും മടിയില്ലെന്ന് ശ്വേത വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതികരണം.
കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്‍ നിര്‍ത്തി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളെ കിട്ടാന്‍ തനിക്ക് കോടികള്‍ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു.
അമ്മയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് തനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള അഭ്യര്‍ഥന. ഇതുവരെ ഇതൊക്കെ പറയാതിരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതു കൊണ്ടാണ്.
ഈ ബഹളങ്ങള്‍ക്കിടയില്‍ താന്‍ ഉയര്‍ത്തിയ യഥാര്‍ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന ”അഴിമതി ആരോപണങ്ങള്‍” ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന് ശ്വേത പങ്കുവച്ച ഫെയ്സ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നല്‍കാമെന്ന് പറഞ്ഞ് ശ്വേത ബിജെപിയില്‍ നിന്ന് രണ്ടു കോടി രൂപ വാങ്ങിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാല പാര്‍വതി ആരോപിച്ചിരുന്നു. ഈ വിഷയം സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഉന്നയിച്ചപ്പോള്‍ ശ്വേത ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങിപ്പോയെന്നും മാല പാര്‍വതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
