മലയാളികള്‍ക്ക് ബീഫിനോടുള്ള പ്രിയം കുറയുന്നുവോ ?അതേ സമയം പോര്‍ക്കിനോടുള്ള താല്‍പര്യം കൂടി വരുന്നു; പുതിയ കണക്കുകള്‍ ഇങ്ങനെ…

മലയാളികള്‍ക്ക് ഏറ്റവും പ്രിയമുള്ള മാംസവിഭവം ഏതെന്നു ചോദിച്ചാല്‍ ബീഫ് എന്നായിരുന്നു കഴിഞ്ഞ നാള്‍ വരെ ഉത്തരം. കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജില്‍ ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രം വന്നത് വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചതും. എന്നാല്‍ പുതിയ സര്‍വേഫലം ഞെട്ടിക്കുന്നതാണ് മലയാളിയുടെ ബീഫിനോടുള്ള ഇഷ്ടം കുറഞ്ഞു വരുകയാണെന്ന് പുതിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ആനിമല്‍ ഹസ്ബെന്‍ഡറി ആന്‍ഡ് ഡയറിംഗ് (ഡി.എ.എച്ച്.ഡി) വിഭാഗം നടത്തിയ സര്‍വ്വേയിലാണ് മലയാളികള്‍ ബീഫിന് പകരം പന്നിയിറച്ചിയെ ഇഷ്ടപ്പെടുന്നെന്ന് പറയുന്നത്. 2017-18 വര്‍ഷത്തില്‍ 2.57 ലക്ഷം ടണ്‍ ബീഫ് മലയാളി കഴിച്ചിരുന്നെങ്കില്‍ 2018-2019 വര്‍ഷത്തില്‍ 2.49 ലക്ഷം ടണ്‍ ആയി ബീഫിന്റെ ഉപയോഗം കുറഞ്ഞെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1.52 ലക്ഷം ടണ്‍ മാംസം കന്നുകാലികളുടേതും 97,051 ടണ്‍ പോത്തിന്റെ മാംസവുമാണ്.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് യഥാക്രമം 1.59 ലക്ഷം ടണ്ണും 98,440 ടണ്ണുമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു കുറവ് സംഭവിച്ചതെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവില്‍ പന്നിയിറച്ചിയുടെ ഉപയോഗം 6,880 ടണില്‍ നിന്ന് 7,110 ടണ്‍ ആയി ഉയര്‍ന്നു. മാത്രമല്ല ചിക്കനോടും മട്ടനോടും മലയാളികള്‍ക്ക് താല്‍പര്യം കുറഞ്ഞുവരികയാണെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

Related posts