47 ദിവസം മഞ്ഞില്‍ കുടുങ്ങി പുഴുവരിച്ചു കിടന്ന യുവാവിന് ഒടുവില്‍ പുനര്‍ജന്മം;മുടി മുഴുവന്‍ കൊഴിഞ്ഞു പോയി; ഒപ്പമുണ്ടായിരുന്ന കാമുകിയെ രക്ഷിക്കാനായില്ല

liang600സാഹസികരെ ഹിമാലയം എപ്പോഴും മാടിവിളിക്കാറുണ്ട്. ആ വിളിയില്‍ ആകൃഷ്ടനായാണ്  തായ് വാന്‍ സ്വദേശിയായ ലിയാങ് ഷെംങുവെന്ന ചെറുപ്പക്കാരനുംകാമുകിയും അങ്ങോട്ടു പോകുന്നത്. എന്നാല്‍ അവിടെ വച്ച് അപകടത്തില്‍ പെട്ട ലിയാങിന്റെ വിളി കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നു മാത്രം.47 ദിവസമാണ് ലിയാങ് ഹിമാലയത്തിലെ ഒരു വിജനപ്രദേശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞത്. ഇപ്പോള്‍ ആശുപത്രിക്കിടക്കയില്‍ വച്ച് ആ കറുത്ത ദിനങ്ങള്‍ ലിയാങ് ഓര്‍ക്കുകയാണ്.

മാര്‍ച്ച് ഒമ്പതിനാണ് ലിയാങ് ഷെംങ്യുവും കാമുകി ല്യു ഷെന്‍ ചുന്നും ട്രക്കിങ്ങിനായി ഹിമാലയന്‍ താഴ്‌വരയിലെത്തിയത്. ദോങ്ഹ്വ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. മാര്‍ച്ച് ഒമ്പതിന് ട്രക്കിംഗ് ആരംഭിച്ചെങ്കിലും  കനത്ത മഞ്ഞുവീഴ്ചയില്‍ ഇരുവരും ഒറ്റപ്പെട്ട് പോവുകയായിരുന്നുവെന്ന് ചികിത്സയിലിരിക്കെ ലിയാംങ് ഷെംങ്യു ഡോക്ടര്‍മാരോട് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ ഒന്നരമാസത്തോളമായി ഇവര്‍ക്ക് വേണ്ടി അധികൃതര്‍ തിരച്ചിലിലായിരുന്നു. മഞ്ഞില്‍ മൂടിയിരിക്കുന്ന നിലയില്‍ ഒരാളെ കണ്ടെത്തിയതായ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ  പോലീസ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ലിയാങിനെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ കാമുകി ല്യൂ മൂന്നു ദിവസം മുമ്പ് മരണമടഞ്ഞിരുന്നു.

രക്ഷപ്പെട്ട ലിയാംങിന്റെ കാല് പുഴുവരിച്ച നിലയിലാണ്. മുപ്പത് കിലോയോളം തൂക്കവും കുറഞ്ഞിട്ടുണ്ട്. മുടി പൂര്‍ണമായും കൊഴിഞ്ഞുപോയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഹെലികോപ്റ്ററിലെത്തിയാണ് ലിയാംങിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കടുത്ത മഞ്ഞുവീഴ്ച അവഗണിച്ച് യാത്ര തുടര്‍ന്ന ഇവര്‍ യാത്രയ്ക്കിടെ താഴേക്ക് തെന്നിവീഴുകയും തിരിച്ച് കയറാന്‍ പറ്റാതാവുകയും ചെയ്തതാണ് അപകടകാരണമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ വിശദീകരിക്കുന്നത്. എങ്കിലും ഇയാള്‍ ഇപ്പോള്‍ ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തായാലും ഇതിനെ പുനര്‍ജന്മമെന്നേ ലിയാങിന് വിളിക്കാന്‍ സാധിക്കൂ.

Related posts