വടകര: കുശലാന്വേഷണം ചോദിച്ചെത്തിയ കീഴൽ ദേവീവിലാസം യുപി സ്കൂൾ കുട്ടികൾക്കു മുന്പിൽ വേദന മറന്ന് മാണിയമ്മ. പിന്നിട്ട കാലത്തെ കുറിച്ച് പറഞ്ഞപ്പോൾ ഈ വയോധികയുടെ മനസ് ഇടറി. ഇതിനിടയിൽ കുട്ടികളോടൊപ്പം പാട്ടുപാടി. എണ്പത്താറു വയസുള്ള മാണിയമ്മ നിഷ്ളങ്ക ഭാവത്തിൽ കുട്ടികൾക്കൊപ്പം നേരം ചെലവിട്ടു. പക്ഷേ വേദനയുടെ നെരിപ്പോടിലായിരുന്നു അവർ.
സ്റ്റുഡന്റസ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പു രോഗികളുടെ വീടുകൾ സന്ദർശിക്കുകയായിരുന്നു കുട്ടികൾ. മാണിയമ്മ കിടപ്പിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. കാലങ്ങളായുള്ള പ്രമേഹവും രക്തസമ്മർദവും മൂലം അവശയായ മാണിയമ്മ ഒരു ദിവസം ശ്രദ്ധതെറ്റി തറയിൽവീണതോടെ ദുരിതത്തിന്റെ പിടിയിലായി. മാസങ്ങളോളം നീണ്ട ആശുപത്രിവാസം.
സ്വന്തം കാര്യം ചെയ്യാൻ പോലുമാവാതെ കഷ്ടപ്പെട്ടു. നടക്കാൻ കഴിയാതെ ദുരിതത്തിലായ മാണിയമ്മക്ക് ആരോ സംഭാവന ചെയ്ത വാക്കറാണ് ആശ്രയം. അതിൽ വരാന്തയിൽ ചെന്നിരിക്കാനെങ്കിലും കഴിയുന്നതിൽ തെല്ലൊരു സന്തോഷം. കുട്ടികൾ എത്തിയപ്പോൾ അവരോടൊപ്പം വരാന്തയിൽ ചെന്നു മാണിയമ്മ. ഇവിടെ ഇരുന്നാൽ അൽപം വെളിച്ചമെങ്കിലും കാണാമല്ലോ എന്നായി. വല്ലപ്പോഴും കടന്നുവരുന്ന പേരക്കുട്ടികളോ അയൽവാസികളോ ആണ് ഈ അമ്മയുടെ ആശ്വാസം. സന്തോഷം മറച്ചുവെക്കാതെ കുറേ നേരം മനസുതുറന്നു അവർ.