കള്ളു ലോറി കവര്‍ന്നെടുത്തത് ഒരായിരം സ്വപ്‌നങ്ങളെ; പൊന്നോമനയെ തനിച്ചാക്കി മഞ്ജുഷ പോയ്മറഞ്ഞത് ജീവിതത്തിലെ ഒരു പ്രധാന ആഗ്രഹം സഫലീകരിക്കാനാവാതെ…

ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസ് വിടവാങ്ങിയത് ഒരായിരം സ്വപ്‌നങ്ങള്‍ ബാക്കിവെച്ച്.വാഹനാപകടത്തില്‍ പരുക്കേറ്റ് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ ഒരു മണിക്കാണു മരിച്ചത്.

കഴിഞ്ഞ 27ന് എംസി റോഡില്‍ കാലടിക്കു സമീപം താന്നിപ്പുഴ അനിത വിദ്യാലയത്തിനു മുന്‍പിലായിരുന്നു അപകടം. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എംഎ രണ്ടാം വര്‍ഷം നൃത്തവിദ്യാര്‍ത്ഥിനിയായ മഞ്ജുഷ, സഹപാഠി വളയന്‍ ചിറങ്ങര വെട്ടുകാട്ടില്‍ അഞ്ജന (21) യ്ക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്കു പോകുമ്പോള്‍ എതിര്‍ദിശയില്‍നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു.

അതിവേഗതയിലായിരുന്നു കള്ളു ലോറി വന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍നിന്നു വിദ്യാര്‍ത്ഥിനികള്‍ തെറിച്ചുവീണു. സാരമായി പരുക്കേറ്റ ഇരുവരെയും അങ്കമാലി ലിറ്റില്‍ ഫല്‍ര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

നില വഷളായതിനാല്‍ മഞ്ജുഷയെ കഴിഞ്ഞ ദിവസം കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലേക്കു മാറ്റി. അഞ്ജന ഇപ്പോഴും ചികില്‍സയിലാണ്. റിയാലിറ്റി ഷോകളിലൂടെ മലയാളിക്ക് പ്രിയങ്കരിയായി മാറിയ മഞ്ജുഷയുടെ പഴയ ഗാനങ്ങളും ചിത്രങ്ങളും കണ്ണീര്‍ കുറിപ്പുകള്‍ പങ്കുവെക്കുകയാണ് എല്ലാവരും.

2009ല്‍ ഏഷ്യാനെറ്റ് സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഗായികയെന്ന നിലയില്‍ മഞ്ജുഷ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ആല്‍ബങ്ങളിലൂടെയും ഗാനമേളകളിലൂടെയും സംഗീതരംഗത്ത് സജീവമാവുകയായിരുന്നു. വീട്ടില്‍ സംഗീത, നൃത്ത വിദ്യാലയം നടത്തിയിരുന്നു. ഭര്‍ത്താവ് പ്രിയദര്‍ശന്‍ ലാല്‍ സൗദിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്.

ഏക മകള്‍ ഒന്നരവയസുകാരി വേദികയെ ഒറ്റക്കാക്കിയാണ് മഞ്ജുഷയുടെ വിടവാങ്ങല്‍. അപകടം നടക്കുന്നതിന് മുമ്പ് മഞ്ജുഷ തന്നോട് ഒരാഗ്രഹം അറിയിച്ചതായി കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഒരു പദം ചെയ്യുക എന്ന ആഗ്രഹമായിരുന്നു മഞ്ജുഷയ്ക്ക് ഉണ്ടായിരുന്നത്. സംഗീതത്തൊടൊപ്പം പാരമ്പര്യ നൃത്തകലകള്‍ അഭ്യസിക്കാന്‍ മിടുക്കിയായിരുന്ന മഞ്ജുഷ വിടപറഞ്ഞത് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എന്ന സ്വപ്നം ബാക്കിയാക്കിയാണ്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ അറ്റന്‍ഡന്‍സ് കുറവായിരുന്നതില്‍ കാലടി സംസ്‌ക്കൃത സര്‍വകലാശാലയില്‍ നൃത്തപഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ വിവാഹവും കഴിഞ്ഞതോടെ പഠനം മുടങ്ങി. തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കാന്‍ മഞ്ജുഷ തന്നെ സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഭാവി ജീവിതം ശാസ്ത്രീയ നൃത്തരൂപങ്ങളെ അടുത്തറിയുന്നതിനായി നീക്കി വച്ചിരിക്കുകയായിരുന്നു.

കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മഞ്ജുഷയുടേതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഒരേ ശബ്ദത്തില്‍ പറയുന്നു. മഞ്ജുഷയുടെ വിയോഗത്തിലൂടെ മലയാളത്തിനു നഷ്ടമായത് ഒരു മികച്ച കലാകാരിയെയാണെന്ന് എല്ലാവരുടെയും വാക്കുകള്‍ തെളിയിക്കുന്നു.

Related posts