മാനുഷിയുടെ ലോകസുന്ദരിപ്പട്ടം വഴിവെക്കുന്നത് വലിയ സാമൂഹിക പരിഷ്‌കരണത്തിന്; ഹരിയാനയിലെ ഖാപ് പഞ്ചായത്തുകള്‍ മാറുന്നതിങ്ങനെ…

മാനുഷി ഛില്ലറിന്റെ ലോകസുന്ദരിപ്പട്ടം ഇന്ത്യയുടെ അഭിമാനമുയര്‍ത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. വലിയൊരു സാമൂഹികമാറ്റത്തിനു കൂടി കാരണമായി ഭവിച്ചിരിക്കുകയാണ്. ലിംഗാനുപാതത്തിലുള്ള വലിയ അന്തരമാണ് ഹരിയാനയെ ആദ്യം വാര്‍ത്തകളിലെത്തിച്ചത്. പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വളരെ കുറവുള്ള ഹരിയാനയെ ഇന്ന് ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയത് ഒരു പെണ്‍കുട്ടിയാണ്. അതുകൊണ്ടുതന്നെ സാമൂഹിക പരിഷ്‌കരണത്തിലൂടെ മാനുഷിയെ ആദരിക്കാനാണ് അവരുടെ തീരുമാനം.

പുരുഷാധിപത്യത്തിന്റെ അടയാളമായി തുടര്‍ന്നു പോരുന്ന ചില പഴഞ്ചന്‍ ആചാരങ്ങളെ അവസാനിപ്പിക്കാനാണ് ഗ്രാമവാസികളുടെയും അവരെ നിയന്ത്രിക്കുന്ന ഖാപ് പഞ്ചായത്തിന്‍രെയും തീരുമാനം. മാനുഷിയുടെ വിജയമറിഞ്ഞ ഉടന്‍ തന്നെ അത്തരത്തില്‍ ഒരു ആചാരം നിര്‍ത്തലാക്കിയതായി അവര്‍ പ്രഖ്യാപിച്ചിരുന്നു. വിവാഹചടങ്ങുകളുടെ ഭാഗമായി വെടിയുതിര്‍ക്കുന്ന ചടങ്ങാണ് അവര്‍ നിര്‍ത്തലാക്കിയത്. പുരുഷമേല്‍ക്കോയ്മയെ അടിവരിയിട്ടുറപ്പിക്കുന്ന ഈ ചടങ്ങിനെ തുടര്‍ന്ന് പലര്‍ക്കും പരിക്കേല്‍ക്കുന്നത് പതിവായിരുന്നു.

അടുത്തതായി വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത ആഘോഷപരിപാടി നിര്‍ത്തലാക്കാനാണ് ഇവരുടെ തീരുമാനം. ഇത്തരം ആഘോഷങ്ങള്‍ അനാവശ്യ ചെലവിന് കാരണമാകുന്നുവെന്നും വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ കുടുംബക്കാര്‍ പലപ്പോഴും കടക്കെണിയിലാകുന്ന സാഹചര്യമുണ്ടെന്നും വിലയിരുത്തിയാണ് ആഡംബര ആഘോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ ഖാപ് തീരുമാനിച്ചിരിക്കുന്നത്.

‘ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഞങ്ങളുടെ മേലെയാണ്. ലോകശ്രദ്ധയില്‍ നില്‍ക്കുന്ന അവസരം മുതലെടുത്ത് വലിയ സാമൂഹിക മാറ്റങ്ങള്‍ വരുത്താനാണ് ഞങ്ങളുടെ ശ്രമം.’ ഖാപ് മുഖ്യന്‍ ഗുലാബ് സിങ് ഛിക്കര പറയുന്നു. മാനുഷിക്ക് വലിയ സ്വീകരണമൊരുക്കാനുള്ള തിരക്കിലാണ് ഗ്രാമവാസികള്‍. ഛില്ലര്‍ ഛിക്കാര ഖാപില് ഡല്‍ഹിയിലും ഹരിയാനയിലുമായി 11 ഗ്രാമങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എന്തായാലും ഈ ലോകസുന്ദരിപ്പട്ടം ഒരു വലിയ മാറ്റത്തിനാണ് നിയോഗമായത്.

Related posts