അന്ന് ലോകത്തെ വന്‍ വിപത്തില്‍ നിന്നും രക്ഷിച്ച ‘രക്ഷകന്‍’ ഇന്ന് തട്ടിപ്പുകാരന്‍ ! ജയിലില്‍ കഴിയുന്ന മാര്‍ക്കസ് ഹച്ചിന്‍സ് എന്ന 24കാരന്റെ ജീവിതം ഇങ്ങനെ…

വാനാക്രൈ റാന്‍സംവെയറില്‍ നിന്നും ലോകത്തെ രക്ഷിച്ച ബ്രിട്ടിഷ് വംശജന്‍ മാര്‍ക്കസ് ഹച്ചിന്‍സ് കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാം (മാല്‍വെയര്‍) തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തല്‍. തനിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങളില്‍ രണ്ടെണ്ണമാണ് യുഎസിലെ വിസ്‌കോന്‍സെനിലെ ജില്ലാ കോടതിയില്‍ ഇയാള്‍ സമ്മതിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് 24 കാരനായ ഹച്ചിന്‍സ് അറസ്റ്റിലായത്.

വന്‍ സൈബര്‍ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ വാനാക്രൈയെ പിടിച്ചുകെട്ടിയത് ബ്രിട്ടീഷ് പയ്യന്‍ മാര്‍ക്കസ് ഹച്ചിന്‍സ് ആയിരുന്നു. ലോക മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍ അന്നു ലോകത്തെ രക്ഷിച്ച ഹച്ചിന്‍സ് ഇപ്പോള്‍ മറ്റൊരു കേസില്‍ കുടുങ്ങിയതോടെ നായകനില്‍ നിന്നും വില്ലനായി മാറിയിരിക്കുകയാണ്.

ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള ‘ക്രോണോസ്’ മാല്‍വെയര്‍ നിര്‍മിച്ച സംഭവത്തില്‍ 2017ല്‍ ലാസ് വേഗസിലാണു ഹച്ചിന്‍സ് അറസ്റ്റിലായത്. സമാന്തര ഇന്റര്‍നെറ്റായി പ്രവര്‍ത്തിക്കുന്ന ഡാര്‍ക്‌നെറ്റില്‍ ലഹരിമരുന്നിനും അനധികൃത ആയുധവ്യാപാരത്തിനും ഉപയോഗിക്കുന്ന സൈറ്റില്‍ മാല്‍വെയറിന്റെ അപ്‌ഡേറ്റഡ് പതിപ്പിനെക്കുറിച്ച് ഹച്ചിന്‍സിന്റെ സഹപ്രവര്‍ത്തകന്‍ നല്‍കിയ പരസ്യമാണ് അറസ്റ്റിലേക്കു നയിച്ചത്. വാനാക്രൈ വ്യാപനം തടയുന്ന ‘കില്‍സ്വിച്ച്’ വിദ്യയുടെ കണ്ടെത്തലാണ് നേരത്തേ ഹച്ചിന്‍സിനെ പ്രശസ്തനാക്കിയത്.

അമേരിക്കയിലെ ബാങ്കിങ് നെറ്റ്വര്‍ക്കുകള്‍ ആക്രമിക്കാന്‍ ഹാക്കര്‍മാര്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുത്തുവെന്നാണ് കേസ്. ക്രോണസ് എന്ന മാള്‍വെയര്‍ വഴി ബ്രിട്ടന്‍, കാനഡ, ജര്‍മ്മനി, പോളണ്ട്, ഫ്രാന്‍സ് തുടങ്ങി രാജ്യങ്ങളിലെ ബാങ്കിങ് നെറ്റ്വര്‍ക്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2014 ജൂലൈ മുതല്‍ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ഈ മാല്‍വെയര്‍ നിര്‍മിച്ചത്. യുഎസ് അറ്റോര്‍ണി ഗ്രിഗറി ഹാന്‍സ്റ്റാഡ് രണ്ടു വര്‍ഷം മുന്‍പ് ഒപ്പുവെച്ച നടപടി പ്രകാരം, ബ്ലാക്ക്മാര്‍ക്കറ്റ് എന്ന് വിളിക്കപ്പെടുന്ന ഹാക്കിങ് ഉപകരണം വിതരണം ചെയ്യുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഹച്ചിന്‍സ്. 2014-ന്റെ തുടക്കത്തില്‍ ചില ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ ക്രോണോസ് ലഭ്യമാക്കിയിരുന്നു. കൂടാതെ ഡാര്‍ക്ക് വെബുകളിലൂടെയും വിതരണം ചെയ്തിരുന്നു.

2017 മേയ് 12 നു തുടങ്ങിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലെ രണ്ടുലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളാണ് ഇരയായത്. ആശുപത്രികള്‍, ബാങ്കുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ച കംപ്യൂട്ടറുകള്‍ നിശ്ചലമായി. വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിലൂടെ എന്‍ക്രിപ്റ്റ് ചെയ്ത ഫയലുകള്‍ തിരികെ ലഭിക്കുന്നതിനായി അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹച്ചിന്‍സ് ഇതിനു മറു പ്രോഗ്രാം കണ്ടെത്തിയതോടെ ലോകം വാനാക്രൈയില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.

Related posts