തിരുവനന്തപുരം: പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി സുധീഷ് ഉള്‍പ്പെടെയാണ് പിടിയിലായത്. വിവാഹ അഭ്യർഥന നിരസിച്ചപെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും മർദിച്ച് കുഴിച്ചിടാൻ ഒരു കുഴിയും വീടിന് പിന്നിൽ പ്രതികള്‍ ഉണ്ടാക്കിയിരുന്നതായി ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു.
കിളിമാനൂർ സ്വദേശികളായ അനിൽ കുമാറിനെയും മകൻ അച്ചുവിനെയുമാണ് കഴിഞ്ഞ വ്യാഴാഴ്ച ബന്ദിയാക്കി ക്രൂരമായി മർദിച്ചത്. മതിര തെറ്റിമൂട് സ്വദേശി സുധീഷ് മർദനമേറ്റ അനിൽകുമാറിന്റെ മകളെ വിവാഹം ആലോചിച്ചിരുന്നു. കുടുംബം ഇത് നിരസിച്ചതിലായിരുന്നു പ്രതികാരം.
ആസൂത്രിതമായിട്ടായിരുന്നു പ്രതികള്‍ കെണി ഒരുക്കിയത്. സുധീഷിന്റെ അമ്മൂമ്മയ്ക്ക് പഞ്ചായത്ത് നൽകിയ പണിതീരാത്ത കെട്ടിടമാണ് ഇടിമുറിയാക്കിയത്. ശബ്ദം പുറത്തുവരാതിരിക്കാൻ ഒരു മുറിയിൽ പ്രത്യേക സജീകരങ്ങള്‍ ചെയ്തു.
വീട്ടുപണിക്കാണെന്ന് പറഞ്ഞ് അനിലിനെ വിളിച്ചു വരുത്തി. കൈകാലുകള്‍ കെട്ടി ആയുധങ്ങള്‍ ഉപയോഗിച്ച് അനിലിനെ മർദിച്ചു. അനിലിനെക്കൊണ്ട് മകൻ അച്ചുവിനെ വിളിച്ചു വരുത്തി. ഒരു പകലും രാത്രിയും മർദിച്ചു.
രാത്രിയായപ്പോള്‍ അനിലിന്റെ ഭാര്യയെയും വിളിച്ചു വരുത്താൻ ശ്രമിച്ചു. വരാതിരുന്നപ്പോള്‍ സുധീഷ് അച്ചുവിനെ വീട്ടിൽ കൊണ്ടുപോയി അമ്മയെ വിളിച്ചുവരുത്താൻ ശ്രമിച്ചു. പക്ഷെ അച്ചു വിവരം അമ്മയോട് പറഞ്ഞതോടെയാണ് പോലീസിലേക്ക് വിവരം കൈമാറിയത്.
തുടർന്ന് അനിലിനെയും പോലീസ് രക്ഷപ്പെടുത്തി. അപ്പോഴേക്കും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച സുധീഷും കൂട്ടുകാരായ ആരോമൽ ലാൽകൃഷ്ണ, അരുണ്‍ എന്നിർ രക്ഷപ്പെട്ടു. പളനിയിൽ പോയി തലമൊട്ടയടിച്ച ശേഷം ചിതയറയിലുള്ള ഒരു പാറമടയിൽ ഒളിച്ചിരുന്നു. പോലീസ് വളഞ്ഞപ്പോള്‍ പ്രതികളിൽ മൂന്നു പേർ രാവിലെ കീഴടങ്ങി. സുധീഷ് ഉച്ചക്ക് ശേഷവും കീഴടങ്ങി.
