സക്കര്‍ബെര്‍ഗ് ഫേസ്ബുക്കിന് പുറത്താകുമോ ? ഫേസ്ബുക്ക് സ്ഥാപകനെ പുറത്താക്കാന്‍ ഓഹരിയുടമകള്‍ പദ്ധതിയിടുന്നു; മേയ് 30 സക്കര്‍ബെര്‍ഗിന്റെ ‘ജഡ്ജ്‌മെന്റ് ഡേ’

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ ഫേസബുക്കില്‍ നിന്നു പുറത്താക്കാന്‍ നീക്കമോ ? സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും മൂലം പ്രതിസന്ധിയിലായ ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സക്കര്‍ബര്‍ഗിനെ പുറത്താക്കുന്നതിനുള്ള ആസൂത്രിതനീക്കം ആരംഭിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍. സമരം നടത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ അല്ല, മറിച്ച് ഫേസ്ബുക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടി ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ സക്കര്‍ബര്‍ഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വന്‍പ്രചാരണമാണ് നടക്കുന്നത്. ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്ഞ്ച്, മജോരിറ്റി ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കം.

ഇതിനോടകം ഓഹരിയുമകളായവരുടെ നേതൃത്വത്തില്‍ സക്കര്‍ബര്‍ഗിനെതിരെയുള്ള പ്രമേയം അടുത്ത യോഗത്തില്‍ കൊണ്ടുവരാനും നീക്കമുണ്ട്. മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കി ജനസമ്മതിയുള്ള മറ്റാരെയെങ്കിലും അവിടെ പ്രതിഷ്ഠിക്കാനുള്ള നിര്‍ദേശവുമായാണ് യോഗം ചേരുന്നത്. മെയ് 30 നാണ് വാര്‍ഷിക യോഗം നടക്കുന്നത്. വാര്‍ഷികയോഗത്തിനു ചര്‍ച്ച ചെയ്യാനുള്ള എട്ടു നിര്‍ദേശങ്ങളിലൊന്നാണ് സക്കര്‍ബെര്‍ഗിനെ നീക്കം ചെയ്യുക എന്നത്.

യോഗത്തില്‍ ആ നിര്‍ദേശത്തിനു പിന്തുണ ലഭിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സക്കര്‍ബെര്‍ഗ് മാറി നില്‍ക്കേണ്ടി വരും. തുടര്‍ച്ചയായ വിവാദങ്ങളെത്തുടര്‍ന്നു കമ്പനി നേരിടുന്ന തിരിച്ചടികളാണ് സക്കര്‍ബെര്‍ഗിനെതിരെ തിരിയാന്‍ ഓഹരിയുടമകളെ പ്രേരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സക്കര്‍ബെര്‍ഗിനുമേല്‍ ഫേസ്ബുക്ക് ഓഹരിയുടമകള്‍ നേരത്തെയും സമ്മര്‍ദ്ദം ചെലുത്തിരുന്നു. എന്നാല്‍ അദ്ദേഹം അത്തരമൊരു സാധ്യത പാടെ തള്ളിക്കളയുകയായിരുന്നു. സക്കര്‍ബെര്‍ഗും ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായ ഷെറില്‍ സാന്‍ഡ്ബെര്‍ഗും മുന്‍ ബ്രിട്ടിഷ് വൈസ് പ്രസിഡന്റ് ആയിരുന്ന നിക്ക് ക്ലെഗിനെ കമ്പനിയുടെ ഗ്ലോബല്‍ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് തലവനായി നിയമിച്ചിരുന്നു. അദ്ദേഹത്തോട് കമ്പനിയെടുത്ത പല മുന്‍ തീരുമാനങ്ങളും പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്തായാലും മെയ് 30 സക്കര്‍ബെര്‍ഗിന് ‘ജഡ്ജ്‌മെന്റ് ഡേ’ ആവുമോയെന്നാണ് ഇനി അറിയേണ്ടത്.

Related posts