കോവിഡിനെതിരായ പോരാട്ടം നയിക്കാന്‍ ‘പൊറോട്ടയും’ ! വന്‍ ഹിറ്റായി ‘മാസ്‌ക് പൊറോട്ട’; പുതിയ ‘മരണമാസ്’ കോമ്പിനേഷനുമായി ഹോട്ടലുകളും…

കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ മാസ്‌ക്കുകള്‍ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡിനെ ചെറുക്കുകയാണ് മാസ്‌ക്കിന്റെ പ്രഥമകര്‍ത്തവ്യമെങ്കിലും ഇപ്പോഴിത് ഒരു ഫാഷന്‍ കൂടി ആയി മാറിയിരിക്കുകയാണ്.

വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌ക്കുകള്‍ ധരിക്കുന്നവര്‍ നിരവധിയാണ്. ഫേസ്പ്രിന്റ് മാസ്‌ക് മുതല്‍ ബ്ലൂടൂത്ത് മാസ്‌ക് വരെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു മാസ്‌ക്കാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

പൊറോട്ട മാസ്‌ക് ആണ് ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ഐറ്റം. ഇതു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്നത് നല്ല മൊരിഞ്ഞ പൊറോട്ടയായിരിക്കും. സംഭവം പൊറോട്ട തന്നെ പക്ഷെ മാസ്‌ക്കിന്റെ രൂപത്തിലാണ് സംഗതിയെന്നു മാത്രം.

ഇപ്പോള്‍ ബീഫും കൂട്ടി ഈ ‘മാസ്‌ക്’ അകത്താക്കുന്ന തിരക്കിലാണ് മലയാളികള്‍. മലയാളികള്‍ക്കാണ് ഈ ബീഫ്-മാസ്‌ക് കോമ്പിനേഷന്‍ ഏറെയിഷ്ടമെങ്കിലും ഈ രുചികരമായ മാസ്‌ക്കിന്റെ ഉപജ്ഞാതാക്കാള്‍ നമ്മുടെ അയല്‍വാസികളായ തമിഴ്‌നാടാണ്.

മധുരയിലെ ടെമ്പിള്‍ സിറ്റി റസ്റ്ററന്റിലാണ് മാസ്‌ക് പൊറോട്ട ജന്മമെടുക്കുന്നത്. ടെമ്പിള്‍ സിറ്റി റസ്റ്ററന്റ് ശൃംഗലയുടെ കീഴില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള റസ്റ്ററന്റുകളില്‍ വളരെപ്പെട്ടെന്നു തന്നെ മാസ്‌ക് പൊറോട്ട ഹിറ്റായി.

ആദ്യ സമയത്ത് രണ്ട് മാസ്‌ക് പൊറോട്ടയും കുറച്ചു കറിയും ചേര്‍ന്ന സെറ്റിന് 40 രൂപയായിരുന്നു ഹോട്ടലില്‍ വില. ആവശ്യക്കാര്‍ ഏറിയതോടെ വില 50 രൂപയാക്കി.

മൈദ, ഡാല്‍ഡ, യീസ്റ്റ്, മുട്ട, പഞ്ചസാര എന്നീ പതിവ് ചേരുവകള്‍ തന്നെയാണ് മാസ്‌ക് പൊറോട്ടയ്ക്കും എന്നിരിക്കെ കുഴയ്ക്കുന്നതിലും പരത്തുന്നതിലുമാണ് ഇത് വേറിട്ടു നില്‍ക്കുന്നത്.

എന്തായാലും ബീഫും ‘മാസ്‌ക്’ പൊറോട്ടയും എന്ന നിലയിലേക്ക് മലയാളികളുടെ മരണമാസ് കോമ്പിനേഷന്‍ മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Related posts

Leave a Comment