മയൂരിയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്! ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ മരണം വരിച്ചതിനു പിന്നില്‍ രോഗമോ അതോ പ്രണയപരാജയമോ?

MAYURI-SUICIDEഇന്ത്യന്‍ സിനിമാലോകത്ത് ആത്മഹത്യകള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. സില്‍ക്ക് സ്മിത, ഉദയ് കിരണ്‍, വിജി, പ്രത്യുഷ, ശിഖ ജോഷി തുടങ്ങിയവര്‍ ഉദാഹരണം. ഇത്തരത്തില്‍ സിനിമാലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു മയൂരി എന്ന നടിയുടെ അപ്രതീക്ഷിത മരണം. തെന്നിന്ത്യന്‍ സിനിമാലോകത്തേക്ക് കാലെടുത്തു വച്ചതേയുണ്ടായിരുന്നുള്ളു ശാലിനി എന്ന മയൂരി. സ്വപ്‌നതുല്യമായ ചലച്ചിത്രലോകത്തെ അടുത്തറിയുന്നതിന് മുമ്പ്  ജീവിതത്തില്‍ നിന്നു തന്നെ പടിയിറങ്ങാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു ഈ കലാകാരി.

1983 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച മയൂരി എട്ടാം ക്ലാസ് വരെ ബംഗളൂരുവിലാണ് പഠിച്ചത്. പിന്നീട് കുടുംബസമേതം ചെന്നൈയിലേക്ക് താമസം മാറി. ചെന്നൈയിലെ എതിരാജ് കോളജില്‍ അവസാനവര്‍ഷ ബിഎ ഇക്കണോമിക്‌സിന് പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ സര്‍വ്വഭൗമയില്‍ അഭിനയിച്ചത്. ആ സമയങ്ങളിലൊക്കെ സിനിമയോടും ജീവിതത്തോടും വളരെയധികം അഭിനിവേശവും താത്പര്യവും പുലര്‍ത്തിയിരുന്ന ആളാണ് മയൂരി. അഭിനയ ജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അവളുടെ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ടിരുന്ന ഉത്സാഹം തുളുമ്പുന്ന വാക്കുകള്‍ അതിന് ഉദാഹരണമാണ്. പ്രശസ്തിയും അംഗീകാരങ്ങളുമല്ല, മറിച്ച് അഭിനയത്തിലൂടെ ലഭിക്കുന്ന മനസ്സിന്റെ സംതൃപ്തി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പല അവസരങ്ങളിലും മയൂരി പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ആ അപക്വമായ തീരുമാനം മയൂരി കൈക്കൊണ്ടു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി നിലകൊള്ളുന്നു.

ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കുടിയേറാന്‍ മയൂരിയ്ക്ക് അധികം സമയം വേണ്ടിവന്നില്ല. 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബെത്‌ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച ആകാശഗംഗ എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മയൂരിയ്ക്ക് തന്റെ കഴിവിന്റെ വ്യാപ്തി തെളിയിക്കാനുമായി. 2000-2005 കാലഘട്ടത്തില്‍ തമിഴ്- കന്നഡ സിനിമയില്‍ മയൂരി സജീവമായിരുന്നെങ്കിലും മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായത്.

2005 ജൂണ്‍ 16നാണ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ മയൂരി ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ അണ്ണാനഗറിലുള്ള വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിനു മുമ്പ് കുറേ ദിവസങ്ങളായി വയറുവേദനയെത്തുടര്‍ന്ന് അവര്‍ മരുന്നു കഴിച്ചുവരികയായിരുന്നു എന്നാണ് കുടുംബവൃത്തങ്ങള്‍ അറിയിച്ചത്. ആത്മഹത്യയ്ക്ക് മുമ്പ് വിദേശത്തു പഠിക്കുന്ന സഹോദരന് മയൂരിയെഴുതിയ കത്ത് വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിത്തതിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ എഴുതിയിരുന്നു. ഇതു തന്നെയാണോ യഥാര്‍ത്ഥ കാരണമെന്ന് ഇനിയും വ്യക്തമല്ല.

Related posts