എല്ലാ കാലത്തും പ്രണയം ഒന്ന് തന്നെയാണ്. നമുക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം, പ്രണയം തന്നെയാണ് അത് എല്ലാ കാലത്തും എന്ന് മീനാക്ഷി അനൂപ്. സർവൈവലിന്റെ ഭാഗമായിട്ട് മനുഷ്യരിൽ വന്ന് ചേർന്നിരിക്കുന്ന വികാരം കൂടിയാണ് അത്. എത്രകാലം കഴിഞ്ഞാലും അത് നിന്ന് പോകാനും പോകുന്നില്ല. എല്ലാ കാലത്തും ഒരു പുതിയ തലമുറയും ഒരു പഴയ തലമുറയുമുണ്ട്. നമ്മൾ വരും കാലത്തിന്റെ പഴയ തലമുറയാണ്.
നമുക്ക് വളരെ മോഡേൺ എന്ന് തോന്നുന്നത് അടുത്ത തലമുറയ്ക്ക് വളരെ പഴഞ്ചനായി തോന്നും. അത് തന്നെയാണ് വിവാഹത്തിന്റെയും പ്രണയത്തിന്റെയും കാര്യമൊക്കെ പറയുമ്പോൾ ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രണയിച്ചോ അറേഞ്ച്ഡായോ വിവാഹം ചെയ്താലും അതിൽ ബുദ്ധിമുട്ട് തോന്നിയാലും മറ്റുള്ളവർ എന്ത് കരുതുമെന്ന് വിചാരിച്ച് ആ ബന്ധം തുടരുന്ന ആളുകൾ ഒരുപാട് പഴയ തലമുറയിലുണ്ട്.
പക്ഷെ ഇന്നത്തെ തലമുറയിലെ ആളുകൾക്ക് അങ്ങനെയല്ല. അവർക്ക് വിവാഹമെന്നാൽ പാർട്ണർഷിപ്പാണ്. അത് ജെൻസി വിഭാഗത്തിൽപ്പെടുന്നതു കൊണ്ടല്ല. കാലഘട്ടവും ആളുകളുടെ ചിന്താഗതിയും വ്യത്യസ്തമായതുകൊണ്ടാണ്. നമ്മൾ പറയുന്നത് മനസിലാക്കുന്ന അച്ഛനമ്മമാരുടെ എണ്ണം ഇന്ന് സമൂഹത്തിൽ വർധിച്ചിട്ടുണ്ട്. അതിൽ ഞാൻ സന്തോഷവതിയാണ്.
എനിക്ക് ഇഷ്ടപ്പെടുന്ന ഞാൻ കണ്ടുപിടിക്കുന്ന ആളാകും എന്റെ ജീവിതപങ്കാളി.പക്ഷെ അത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതേയില്ല. 20 വയസേ എനിക്കുള്ളു. 28 വയസൊക്കെ ആയശേഷം അതേക്കുറിച്ച് നമുക്ക് ആലോചിക്കാം എന്ന് മീനാക്ഷി അനൂപ് പറഞ്ഞു.
