എന്നെ പുറത്താക്കാന്‍ തൃഷയുടെ നേതൃത്വത്തില്‍ കോളിവുഡ് മാഫിയയുടെ ശ്രമം ! തൃഷയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മീര മിഥുന്‍…

ബിഗ്‌ബോസിലൂടെ പ്രശസ്തയായ നടി മീര മിഥുന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പ്രശസ്തര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെയാണ്.

വിജയ്, രജനികാന്ത് തുടങ്ങിയവര്‍ തനിക്കെതിരേ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്.പിന്നീട് നടി തൃഷ കൃഷ്ണന്‍ തന്നെ അനുകരിക്കുകയാണെന്ന് പറഞ്ഞും മീര ഇടയ്ക്കു രംഗത്തെത്തി. ഇപ്പോള്‍ തൃഷയ്ക്കെതിരേ മറ്റൊരു ആരോപണമാണ് മീര ഉന്നയിക്കുന്നത്. തൃഷ തന്റെ സിനിമകള്‍ തട്ടിയെടുക്കുകയാണെന്നാണ് മീര പറയുന്നത്.

കോളിവുഡ് മാഫിയയുമായി കൂട്ടുചേര്‍ന്ന് തൃഷ തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ നോക്കുകയാണെന്ന് മീര ആരോപിക്കുന്നു. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കാരണം തൃഷയാണെന്നും എല്ലാത്തിനും തെളിവായി താന്‍ ഒരു വീഡിയോ പുറത്തുവിടുമെന്നും മീര പറയുന്നു.

‘മിസ് ചെന്നൈ ആയ, 5.5 അടി നീളമുള്ള പെണ്‍കുട്ടി സഹതാര വേഷത്തിലൂടെ നായികയായി മാറി. അവളാണ് തൃഷ കൃഷ്ണ. പിന്നീട് എന്നെ പോലൊരു മികച്ച മോഡല്‍ രംഗത്ത് എത്തിയപ്പോള്‍ തൃഷ സുരക്ഷിതയല്ലാതെയായി. കോളിവുഡ് മാഫിയയുമായി കൂട്ടുപിടിച്ച് എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. ഏഴ് വര്‍ഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്. പേട്ട എന്ന ചിത്രത്തില്‍ ഞാന്‍ പുറത്ത് പോകാന്‍ കാരണം തൃഷയാണ്. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വീഡിയോ ഞാന്‍ പുറത്തുവിടും’ എന്ന് മീര കുറിച്ചു.

എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ തൃഷയുടെ സുഹൃത്തിന്റെ കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചിരുന്നു. തൃഷയ്ക്കും അജിത്തിനുമൊപ്പം ഷൂട്ട് ചെയ്ത രംഗങ്ങള്‍ മനപൂര്‍വം വെട്ടിമാറ്റിയെന്നും പേട്ടയില്‍ തൃഷ ചെയ്ത കഥാപാത്രത്തിന് വേണ്ടി തന്നെ ഓഡിഷന്‍ ചെയ്തിരുന്നെങ്കിലും പിന്നീട് തന്നെ പുറത്താക്കിയെന്നും ഇവര്‍ പറയുന്നു.

ജെല്ലിക്കെട്ടിനെതിരേ തൃഷ രംഗത്തു വന്നതിനെയും മീര വിമര്‍ശിച്ചു.തൃഷ സിനിമയില്‍ അതിജീവിച്ചത് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ആളായതുകൊണ്ടാണെന്നും അവരുടെ കഴിവ് കൊണ്ടല്ലെന്നും മീര ആരോപിച്ചു.

മീരയുടെ ട്വീറ്റിന് താഴെ വിമര്‍ശനങ്ങളും പരിഹാസവുമായി ഒട്ടനവധി പേര്‍ രംഗത്തെത്തി. കുറച്ച് കഴിഞ്ഞാല്‍ ജയിംസ് കാമറൂണിന്റെ ടെറ്റാനികില്‍ നിന്ന് കേറ്റ് വിന്‍സ്ലറ്റ് തന്നെ പുറത്താക്കിയെന്ന് മീര പറയുമെന്നും ചിലര്‍ കുറിച്ചു. മീരയ്ക്കു വേറെ പണിയില്ലാത്തതു കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഇടയ്ക്കിടെ പടച്ചു വിടുന്നതെന്നാണ് ചിലര്‍ പറയുന്നത്.

Related posts

Leave a Comment