ഇനി വിറ്റഴിക്കാത്ത മീനുകള്‍ കേടുകൂടാതെ സൂക്ഷിക്കാം, ഒരുങ്ങുന്നത് വന്‍ ശീതീകരണ സംവിധാനമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മത്സ്യത്തൊഴിലാളികള്‍ക്ക് പുതുപ്രതീക്ഷ നല്കുന്ന തോമസ് ഐസക്കിന്റെ പദ്ധതി ഇങ്ങനെ

വിറ്റഴിക്കാത്ത മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനമുള്ള ആധുനിക മാര്‍ക്കറ്റ് സമുച്ചയങ്ങള്‍ സ്ഥാപിക്കും. പത്തു തീരദേശ ജില്ലകളിലായി 58 മാര്‍ക്കറ്റുകളാണു വിദേശ മാതൃകയില്‍ നവീകരിക്കുന്നത്.

300 കോടി രൂപയുടെ മാര്‍ക്കറ്റ് നവീകരണം അടക്കമുള്ള തീരദേശ വികസനത്തിനുള്ള 480 കോടിയുടെ ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍ക്കു കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) അനുമതി നല്‍കി.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 58 മത്സ്യമാര്‍ക്കറ്റുകള്‍ വിദേശമാതൃകയില്‍ നവീകരിക്കുന്നത്. സംസ്ഥാനത്തു പിടിക്കുന്ന മത്സ്യത്തിന്റെ 85 ശതമാനവും ഇവിടെത്തന്നെ വിറ്റഴിക്കുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

15 ശതമാനം മാത്രമാണു കയറ്റി അയയ്ക്കുന്നത്. വിറ്റഴിക്കാനാവാത്ത മത്സ്യം ശരിയായ തരത്തില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതു തൊഴിലാളികള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

ഇതു മൂലമുണ്ടാകുന്ന വന്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ വിഷപദാര്‍ഥങ്ങള്‍ പുരട്ടുന്ന രീതിയിലേക്കു ചിലരെങ്കിലും മാറുന്നതായും, ഇതുസംബന്ധിച്ചു ഫിഷറീസ് വകുപ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

300 കോടി രൂപയുടെ നവീകരണത്തിന്റെ ആദ്യഘട്ടത്തില്‍ 185 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്കിയിട്ടുള്ളത്. വിദേശരാജ്യങ്ങളിലുള്ള മാതൃകയില്‍ മത്സ്യവില്‍പ്പനയ്ക്കായി പ്രത്യേക ഏരിയ ക്രമീകരിക്കും.

വ്യാപാരികള്‍ക്കുള്ള ആധുനിക ഇരിപ്പിടങ്ങള്‍, വാങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍, കയറ്റിറക്കു സൗകര്യം, സ്റ്റോറേജ് സംവിധാനം, ഐസ് യൂണിറ്റ്, മാലിന്യനിര്‍മാര്‍ജന സംവിധാനം, മലിനജല ശുദ്ധീകരണ സംവിധാനം, തൊഴിലാളികള്‍ക്കു വിശ്രമിക്കാനുള്ള സ്ഥലം, ഫര്‍ണിച്ചര്‍, കുടിവെള്ളം തുടങ്ങിയവയുണ്ടാകും.

നിര്‍മാണം പൂര്‍ത്തിയായാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാകും പരിപാലന ചുമതല. മാര്‍ക്കറ്റ് ലേലത്തിലൂടെ ലഭിക്കുന്ന തുകയാകും വരുമാനം. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം തീരമേഖല വികസന കോര്‍പറേഷനാണ് വിശദ പദ്ധതിരേഖ തയാറാക്കിയത്. രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാനാണു ലക്ഷ്യമിടുന്നത്.

Related posts