കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിച്ചു ! റോഡരുകില്‍ മാലിന്യം വലിച്ചെറിഞ്ഞ മധ്യവയസ്‌കനെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാര്‍; ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ വിട്ടയച്ചു…

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നു കേട്ടിട്ടില്ലേ. അമ്മാതിരി ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നടന്നത്. റോഡരുകില്‍ മാലിന്യം തള്ളിയ മധ്യവയസ്‌കനാണ് നാട്ടുകാരുടെ വക എട്ടിന്റെ പണി കിട്ടിയത്. മൂന്നു കവറിലാക്കിയ മാലിന്യം സ്‌കൂട്ടറിലെത്തിയ ഇയാള്‍ റോഡരുകിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ പരിസരവാസിയായ ഒരു യുവാവ് ഇതു കണ്ടതോടെ ഇയാളെ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കൂടിയതോടെ ഇയാള്‍ ആകെ നാറുകയും ചെയ്തു.

തിരുവല്ല പെരിങ്ങര – പൊടിയാടി കൃഷ്ണപാദം റോഡില്‍ വെട്ടത്തില്‍പ്പടിക്ക് സമീപം മണിപ്പുഴ ദേവീക്ഷേത്രം ദേവസ്വം വക ഭൂമിയുടെ എതിര്‍വശത്തുള്ള പുരയിടത്തില്‍ മാലിന്യ നിക്ഷേപം നടത്തിയ പൊടിയാടി സ്വദേശിയെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ സമീപ വാസികള്‍ ചേര്‍ന്ന് പിടികൂടിയത്. തുടര്‍ന്ന് ഇനി മേലില്‍ ഈ പരിപാടി ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് വാങ്ങിയതിനു ശേഷം എത്തിയ സ്‌കൂട്ടറില്‍ തന്നെ ഇയാളെ മടക്കി വിടുകയായിരുന്നു. ഇയാളെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

Related posts