സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്തിന് ? ബിസിസിഐയെ ചോദ്യം ചെയ്ത് മന്ത്രി ശിവന്‍കുട്ടി

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് മലയാളികളെയാകെ നിരാശരാക്കിയിരുന്നു.

ഇതിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി.

സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍നിന്ന് എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തുന്നതെന്ന് മന്ത്രി ചോദിച്ചു.

‘സഞ്ജു സാംസണിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സിലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു.

സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ (39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ നടത്തിയത്’ മന്ത്രി കുറിച്ചു.

‘ഐപിഎല്‍ 14ാം സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ – ബാറ്ററും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണം?’ #SanjuSamosn, #IPL,#VSivankutty, #BCCI എന്നീ ഹാഷ്ടാഗുകള്‍ സഹിതമായിരുന്നു മന്ത്രിയുടെ കുറിപ്പ്.

ടൂര്‍ണമെന്റിലാകെ ഇതുവരെ ആറു കളികളില്‍നിന്ന് 113.50 ശരാശരിയില്‍ 227 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്‍പതാമനാണ്.

143.67 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ പ്രകടനം. മൂന്ന് അര്‍ധസെഞ്ചുറികളും താരം ഇതിനകം നേടിക്കഴിഞ്ഞു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ 40 പേരില്‍ നൂറിനു മുകളില്‍ ശരാശരിയുള്ള ഒരേയൊരു താരവും സഞ്ജു തന്നെ.

Related posts

Leave a Comment