സ്വപ്‌നപദ്ധതിയില്‍ പാളിച്ചയുണ്ടായതിന്റെ വിഷമത്തിനിടെ മാധ്യമങ്ങളെ കാണാന്‍ എത്തിയ ശാസ്ത്രജ്ഞരോട് ആക്രോശിച്ച് മാധ്യമപ്രവര്‍ത്തന്‍; മാധ്യമപ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തില്‍ മനംനൊന്ത് ഇസ്രോ…

സ്വപ്‌നദൗത്യമായ ചന്ദ്രയാന്‍-2ല്‍ അവസാന നിമിഷം പാളിച്ച പറ്റിയെങ്കിലും ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ചു തന്നെയാണ് ഐഎസ്ആര്‍ഒയും രാജ്യവും നില്‍ക്കുന്നത്.ചന്ദ്രയാന്‍ രണ്ടിലെ പ്രതിസന്ധികളെ നേരത്തെ തന്നെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് നവജാത ശിശുവിനെ പോലെ അതിനെ ഓരോ ഘട്ടത്തിലും പരിചരിച്ചത്. സോഫ്റ്റ് ലാന്‍ഡിങ് എന്നത് വളരെ വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. നമ്മെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്ത ഒരു കാര്യവുമാണിത്. മുന്‍പ് ഇത്തരം പ്രക്രിയ നിര്‍വഹിച്ചിട്ടുള്ളവര്‍ക്കു പോലും ഓരോ തവണയും ഇത് സങ്കീര്‍ണമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഈ അവസാന മിനിറ്റുകള്‍ ഉത്കണ്ഠയുടേതായതും. ഇവിടെ എവിടെയോ ആണ് ഇന്ത്യയ്ക്ക് പിഴച്ചത്.

അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് നേരത്തെ ചന്ദ്രനില്‍ പര്യവേഷണ പേടകങ്ങള്‍ ഇറക്കിയിട്ടുള്ളത്. ഈ ഗ്രൂപ്പിലെത്തുകയെന്നത് കഠിനമാണെന്ന് രാജ്യവും തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഇസ്രോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയത്. ദൗത്യത്തിലെ പാളീച്ചകള്‍ മനസ്സിലാക്കി ഇസ്രോയില്‍ നിന്ന് ഇറങ്ങുമ്പോഴും ശാസ്ത്രജ്ഞരോട് നല്ല വാക്കുകള്‍ മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതു വരെ നേടിയതിനെ പോലും വലിയ നേട്ടമായി മോദി വിശദീകരിച്ചു.

ശാസ്ത്ര ലോകത്തിനൊപ്പം നിന്ന് പ്രധാനമന്ത്രി സംസാരിച്ചിട്ടും അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം അതിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാനായില്ല. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാനെത്തിയ ശാസ്ത്രജ്ഞരോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തട്ടികയറി. എന്തു കൊണ്ട് ചെയര്‍മാന്‍ ശിവന്‍ മുങ്ങിയെന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ചന്ദ്രയാനെ വിജയത്തില്‍ എത്തിക്കാന്‍ മാസങ്ങളായി കഷ്ടപ്പെട്ട വ്യക്തിയാണ് ചെയര്‍മാന്‍ ഡോ ശിവന്‍. ഇതിനിടെയാണ് ചരിത്ര ദൗത്യം പാളുന്നത്.

ഇതിന്റെ മാനസിക ബുദ്ധിമുട്ട് ഏറ്റവും ബാധിക്കുക ചെയര്‍മാനെ തന്നെയാകും. അതുകൊണ്ടാണ് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുംവരെ ശിവന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സൂചന. തന്റെ ടീമിന് ആത്മവിശ്വാസം കൊടുക്കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം. ഇതൊന്നും ഉള്‍ക്കൊള്ളാനാകാതെയായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ആക്രോശം. മാധ്യമപ്രവര്‍ത്തകന്റെ അനവസരത്തിലുള്ള അപക്വമായ ചോദ്യത്തിന് എന്തുപറയണമെന്നറിയാതെ വിയര്‍ത്തതാവട്ടെ ചരിത്രദൗത്യത്തിനായി അഹോരാത്രം പ്രയത്‌നിച്ച ശാസ്ത്രജ്ഞരും.മോദി പോലും കുറ്റപ്പെടുത്താതിരിക്കെ മാധ്യമ പ്രവര്‍ത്തകരുടെ ആക്രോശത്തില്‍ വേദനിക്കുകയാണ് ഇസ്രോ. ഈ സാഹചര്യത്തിലാണ് ഏറെ വൈകാതെ മാധ്യമ പ്രവര്‍ത്തകരെ ഇസ്രോ കേന്ദ്രത്തില്‍ നിന്ന് മടക്കി അയച്ചതും.

47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിക്രം ലാന്‍ഡര്‍ ശനിയാഴ്ച പുലര്‍ച്ചെ ലക്ഷ്യത്തിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചത്. ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജിഎസ്എല്‍വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ (ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്ന പേടകം) സഞ്ചരിച്ചത്. ഇവിടെ നിന്നാണ് ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. ഇതിനിടെയാണ് പ്രതീക്ഷകള്‍ തെറ്റിയത്. ഓര്‍ബിറ്റര്‍ 96-125 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റുകയാണ്.

ചന്ദ്രയാന്‍ 2-ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതില്‍ നിരാശരായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പ്രതീക്ഷയുടെ വാക്കുകളായിരുന്നു. ”നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള്‍ വിജയം നേടുകതന്നെ ചെയ്യും” പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനോടും സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞരോടുമായി പറഞ്ഞു. ഇതുവരെ കൈവരിച്ചത് വലിയനേട്ടങ്ങള്‍ തന്നെയാണ്. ഈ പരിശ്രമങ്ങള്‍ ഇനിയും തുടരും. ഞാനും രാജ്യവും നിങ്ങളോടൊപ്പമുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ 2.1 കിലോമീറ്റര്‍ ചന്ദ്രോപരിതലത്തിന് അടുത്തുവരെ എത്തിയതായിരുന്നു. പിന്നീട്, ആശയവിനിമയബന്ധം നിലയ്ക്കുകയായിരുന്നു. കാരണങ്ങള്‍ പരിശോധിച്ചുവരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനും വിശദീകരിച്ചു. നിശ്ചയിച്ചപാതയില്‍ നിന്ന് വ്യതിചലിച്ച് ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെ എത്തിയ ലാന്‍ഡര്‍ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗര്‍ത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. സുരക്ഷിതമായി ഇറങ്ങിയെങ്കില്‍ പിന്നീട് സിഗ്‌നല്‍ ലഭിക്കാനും സാധ്യതയുണ്ട്. ഈ പ്രതീക്ഷയിലാണ് ഇപ്പോഴും ഇസ്രോ.

Related posts