ജയയുടെ സഹായികള്‍ ഓരോന്നായി കൊല്ലപ്പെടുന്നു, ആരാണ് ഇതിനെല്ലാം പിന്നില്‍? ജയയ്ക്കുവേണ്ടി ആരോ പ്രതികാരം വീട്ടുകയാണെന്നു കിംവദന്തി, ജയയുടെ ബംഗ്ലാവില്‍നിന്ന് രാത്രി തീയും പുകയും

jayalalalithaവെബ്‌ഡെസ്ക്

ജീവിച്ചിരിക്കുമ്പോള്‍ ഒരു നാടിന്റെ മുഴുവന്‍ ചര്‍ച്ചാവിഷയമാക്കപ്പെട്ട നിരവധി വ്യക്തിത്വങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ മരിച്ചതിന് ശേഷവും വിവാദവിഷയമാവുന്നവര്‍ വിരളമാണ്. അത്തരത്തിലുള്ള ഒരാളാണ് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സിനിമയില്‍ താരമായി വിലസിയിരുന്നപ്പോഴും രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അധികാരത്തിന്റെ കൊടുമുടി കയറിയപ്പോഴും അവര്‍ രഹസ്യമാക്കി വച്ചിരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് എന്തിനാണ് സ്വന്തം കുടുംബത്തെ അകറ്റി നിര്‍ത്തി, കൂട്ടുകാരിയുടെ വേഷത്തില്‍ തന്റെ അടുത്തെത്തിയ ഒരു സ്ത്രീയെയും അവരുടെ കുടുംബത്തെയും കൂടെക്കൂട്ടിയതെന്നും. എന്നാല്‍ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമൊക്കെ അപ്പുറമായിരുന്നു ജയലളിത. അതുകൊണ്ടുതന്നെയാവണം മരണശേഷവും ജയലളിത ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

75 ദിവസത്തെ അപ്പോളോ ആശുപത്രിയിലെ വാസവും തുടര്‍ന്നുള്ള മരണവും സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ജയയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ഒ. പനീര്‍ശെല്‍വം മുന്‍കൈയെടുക്കുന്നുണ്ട്. എന്നാല്‍ ആ സംശയങ്ങളെല്ലാം അനാവശ്യമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് എടപ്പാടി പളനിസ്വാമിയെന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി. ജയലളിത ആശുപത്രിയില്‍ കിടന്ന സമയത്തെ ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നാണ് എഐഎഡിഎംകെ വൃത്തങ്ങളില്‍ നിന്നുയരുന്ന ഭീഷണി. ജയലളിതയുടെ മരണശേഷം പൊതുജനവികാരത്തെ ആശുപത്രിയില്‍ 75 ദിവസം ജയലളിതയ്ക്ക് കാവലായിരുന്ന ശശികലയ്‌ക്കെതിരെ തിരിക്കുകയാണ് പനീര്‍ശെല്‍വം ആദ്യം ചെയ്തത.് അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ജയയുടെ മൃതശരീരത്തില്‍ കണ്ടെത്തിയ പാടുകളും മുറിവുകളുമൊക്കെയായിരുന്നു പനീര്‍ശെല്‍വം ആയുധമാക്കിയത്. എന്നാല്‍ നിഗൂഢതകള്‍ അവിടെകൊണ്ടും നിന്നില്ല. കൊള്ളയടി, കൊലപാതകം, അതിശയിപ്പിക്കുന്ന യാദൃശ്ചികതകള്‍ തുടങ്ങി ജയലളിതയുടെ പ്രതികാരദാഹിയായ ആത്മാവുവരെ ഇക്കാലയളവില്‍ ചര്‍ച്ചാവിഷയമായി.

കഴിഞ്ഞ ഏപ്രില്‍ 24 നാണ് ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ മോഷണശ്രമം നടന്നത്. 900 ഏക്കറുള്ള ആ ഭൂമി കൈക്കലാക്കാനുള്ള ശശികലയുടെ ശ്രമമായിരുന്നു അതിനുപിന്നില്‍ എന്നാണ് പറയപ്പെടുന്നത്. ഒരു ഗാര്‍ഡിനെ കൊല്ലുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതിനുശേഷമാണ് കടുത്ത സുരക്ഷാവലയത്തിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന എസ്റ്റേറ്റില്‍ കൊളളക്കാര്‍ പ്രവേശിച്ചത്. മോഷണശ്രമത്തില്‍ പോലീസ് സംശയിക്കുന്ന പ്രധാനിയായ സി കനകരാജ് എന്നയാള്‍ അഞ്ച് വര്‍ഷത്തോളം ജയയുടെ ഡ്രൈവറായിരുന്നയാളാണ്. എന്നാല്‍ ഞെട്ടിക്കുന്ന രീതിയില്‍ ഏപ്രില്‍ 28 ന് സേലത്ത് നടന്ന വാഹനാപകടത്തില്‍ കനകരാജ് കൊല്ലപ്പെട്ടു. മാത്രമല്ല, മോഷണശ്രമത്തില്‍ കനകരാജിന്റെ കൂടെയുണ്ടായിരുന്നയാള്‍ എന്ന് സംശയിക്കുന്ന സയനും അതേദിവസം അപകടത്തില്‍ പെട്ടു. ആ അപകടത്തില്‍ സയന്റെ ഭാര്യയും മകളും മരിക്കുകയും ചെയ്തിരുന്നു. മോഷണശ്രമത്തിലെ പ്രധാനികള്‍ മരിച്ചെങ്കിലും ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്ത് കേസ് തെളിയിക്കുമെന്നാണ് പോലീസ് പറയുന്നത്. കോടനാട് നടന്ന മോഷണശ്രമത്തിന് അഞ്ച് ദിവസം മുമ്പ് ഏപ്രില്‍ 19 ന് ശിരുത്താവൂരിലെ ജയലളിതയുടെ ബംഗ്ലാവില്‍ നിന്ന് രാത്രി തീയും പുകയും ഉയര്‍ന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ജോലിക്കാര്‍ കരിയില കത്തിച്ചതിന്റെ തീയും പുകയുമായിരുന്നു അതെന്ന വിശദീകരണവും ആളുകളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. മറീന ബീച്ചില്‍ ജയലളിത അന്ത്യവിശ്രമം കൊള്ളുന്നിടത്ത് കാവല്‍ നില്‍ക്കുന്നവര്‍ക്കും സ്വസ്ഥതയില്ലത്രേ.

ഇരുപതിലധികം ആളുകളാണ് മാറിമാറി കാവല്‍ നില്‍ക്കുന്നത്. എന്താണെന്നറിയല്ല, ഇവിടെ ജോലി ആരംഭിച്ചതില്‍ പിന്നെ രോഗങ്ങള്‍ വിട്ടുമാറുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് മേയ് എട്ടിന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുടെ സഹായി സംശയാസ്പദമായ രീതിയില്‍ മരണപ്പെട്ടതും ആളുകളില്‍ ഭീതിയുളവാക്കുന്നു. പോയസ് ഗാര്‍ഡനിലെ അന്തേവാസികള്‍ കേള്‍ക്കുന്ന അപശബ്ദങ്ങളാണ് അടുത്തത്. ജയയുടെ പ്രേതം അവരെ നശിപ്പിക്കാന്‍ ശ്രമിച്ച ശത്രുക്കളോട് പ്രതികാരം വീട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എന്നാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത. ശശികല ജയിലില്‍ പോയതും മോഷണശ്രമം നടത്തിയവര്‍ കൊല്ലപ്പെട്ടതും അതില്‍ ചിലത് മാത്രമാണെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. 90 കോടിയോളം വരുന്ന ജയലളിതയുടെ സ്വത്ത് ആര്‍ക്കവകാശപ്പെട്ടതാണ് എന്നതിലുള്ള വ്യക്തതയില്ലായ്മയാണ് തമിഴ്‌നാട്ടില്‍ ഒന്നിനുപുറകേ ഒന്നായി അരങ്ങേറുന്ന ഈ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാവുന്നതെന്നാണ് കരുതപ്പെടുന്നത്. ഇത് സ്വന്തമാക്കാന്‍ താത്പര്യപ്പെടുന്നവര്‍ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ പടച്ചുവിടുന്ന കഥകളാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശദമാക്കുന്നത്. ഏതായാലും ഒരു കാര്യമുറപ്പാണ് മരണശേഷവും പിടികൊടുക്കാതെ തമിഴ്ജനതയുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത് ജയലളിത എന്ന കടങ്കഥ തന്നെ.

Related posts