മോഹന്‍ലാല്‍ വെറും അംബാസിഡറല്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ പാതി ഉടമ തന്നെ, ഗ്യാലറിയിലെത്തി ടീമിനെ പിന്തുണയ്ക്കുക പണമൊന്നും വാങ്ങാതെ, ചിരഞ്ജീവിയും കൂട്ടരും ലക്ഷ്യമിടുന്നത് ഇതൊക്ക

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാത്രമല്ല മോഹന്‍ലാല്‍ വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഓഹരികളും ലാല്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈവശം വച്ചിരുന്ന 20 ശതമാനം ഓഹരികളാകും ലാല്‍ വാങ്ങുക. അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുതിയ ബ്രാന്‍ഡ് അംബാസിഡറായി ലാല്‍ കഴിഞ്ഞദിവസം കരാറില്‍ ഒപ്പിട്ടിരുന്നു.

ജേഴ്സി പ്രകാശന ചടങ്ങ് അവതരിപ്പിച്ച ടെലിവിഷന്‍ താരം രാജേഷ് കേശവും മോഹന്‍ലാല്‍ അടുത്ത് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമയാവും എന്നും പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിന് ഉണ്ടായിരുന്ന ഓഹരികളാവും മോഹന്‍ലാല്‍ സ്വന്തമാക്കുക. സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോയതോടെ ഉണ്ടായ വിടവ് മോഹന്‍ലാലിന്റെ വരവോടെ നികത്താനാവും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

സച്ചിന്‍ ഒരുകോടി രൂപ ഓരോ മത്സരത്തിനു വാങ്ങിയിരുന്നെങ്കില്‍ ലാല്‍ പണമൊന്നും വാങ്ങില്ല. സൗജന്യ സേവനമാകും ലാല്‍ നല്കുക. ഇതിനു പകരമായാണ് ഓഹരികള്‍ വാങ്ങുന്നത്. നഷ്ടത്തിലോടുന്ന ക്ലബിന് ലാലിന്റെ വരവ് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ആദ്യ കളികള്‍ തോറ്റാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കാണാന്‍ ആളു കയറാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ സീസണുകളില്‍. ഇത്തവണ തോറ്റാലും ലാല്‍ ഫാന്‍സിനെ ഉപയോഗിച്ച് സ്‌റ്റേഡിയം നിറയ്ക്കാമെന്ന് എതിരാളികള്‍ പരിഹസിക്കുന്നു. എന്നാല്‍ ലാലിന്റെ ജനപ്രീതി പരമാവധി മുതലെടുക്കുകയാകും മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

ഇന്നലെ നടന്ന ചടങ്ങില്‍ ടീം ഉടമ നിമ്മഗഡ പ്രസാദും കോച്ച് ഡേവിഡ് ജയിംസുമാണ് ലാലില്‍ നിന്ന് ജേഴ്‌സി ഏറ്റുവാങ്ങിയത്. പിന്നാലെ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തില്‍ 25 അംഗ സ്‌ക്വാഡും പരിശീലകരും ജഴ്‌സിയണിഞ്ഞു വേദിയിലെത്തി. മഞ്ഞപ്പടയെന്നു പൂര്‍ണമായും വിളിക്കാവുന്ന തരത്തില്‍ മഞ്ഞനിറമാണ് ഷോര്‍ട്‌സിനും ജഴ്‌സിക്കും. ഇരുവശങ്ങളിലും തോള്‍ഭാഗത്തുമുള്ള നീലവരകളൊഴിച്ചാല്‍ പൂര്‍ണമായും മഞ്ഞയാണ് ഷോര്‍ട്‌സും ജഴ്‌സിയും.

ബ്ലാസ്റ്റേഴ്‌സിനൊപ്പം സഹകരിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്നു മോഹന്‍ലാല്‍ പറഞ്ഞു. കായിക മത്സരങ്ങള്‍ക്ക് സമൂഹത്തില്‍ പോസിറ്റീവ് പ്രതിഫലനം സൃഷ്ടിക്കാന്‍ കഴിയും. കുട്ടികളിലും യുവാക്കളിലും ഫുട്‌ബോളിനോടു താല്‍പര്യമുണ്ടാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ സാന്നിധ്യം കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ ഫുട്ബാളിന്റെ വളര്‍ച്ചയ്ക്കു ബ്ലാസ്റ്റേഴ്‌സിന്റെ സേവനം മാറ്റിനിര്‍ത്താനാവില്ല. ടീമിന് പ്രോത്സാഹനമേകാന്‍ ആരാധകര്‍ക്കൊപ്പം സ്റ്റേഡിയത്തിലുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

100 ശതമാനം അര്‍പ്പണബോധത്തോടെയാകും ഇത്തവണ പോരാടുകയെന്നു കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു. യുവാക്കളുടെ നിരയുമായെത്തുന്ന ടീമില്‍ പ്രതീക്ഷകളുണ്ട്. ആരാധകരുടെ പിന്തുണക്കും പ്രോത്സാഹനത്തിനും മറുപടിയായി മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 29നാണ് ആദ്യ മത്സരം.

Related posts